റിയാദ്: വിദേശങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളെ ഇനി അധികം വേണ്ടെന്ന് സൗദി അറേബ്യ. റിക്രൂട്ടിങ് കുറക്കാനുള്ള ആലോചനയിൽ മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം.
വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ മന്ത്രാലയം പൂർത്തിയാക്കി. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറക്കാനും ഉയർന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഊന്നൽ നൽകാനും ശ്രമിച്ചാണ് വിസ സംവിധാനം പരിഷ്കരിക്കുന്നത്.
ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ തൊഴിലാളികളുടെ നൈപുണ്യങ്ങൾ തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് സംവിധാനം പരിഷ്കരിക്കാനുള്ള മൂന്ന് മോഡലുകൾ അടങ്ങിയ നിർദേശം ഉയർന്നുവന്നിട്ടുണ്ട്. നിർദിഷ്ട മാതൃകകൾക്കുള്ള ശിപാർശകൾ, സമാനമായ സന്ദർഭങ്ങളിലെ അന്താരാഷ്ട്ര താരതമ്യങ്ങൾ, നിലവിലെ സാഹചര്യത്തിന്റെ വിശകലനം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു.