അബുദാബി. ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് റോഡിന്റെ ഇടതുവശത്തെ ആദ്യ രണ്ടു ട്രാക്കുകളില്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇവിടെ കൂടിയ വേഗപരിധി 140 കിലോമീറ്ററും, കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററും ആണ്. അബുദാബി പോലീസ് നടപ്പിലാക്കിയ മിനിമം വേഗത പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. വാഹനമോടിക്കുന്ന ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണച്ച് രംഗത്തു വന്നു. ട്വിറ്ററിലെ 81 ശതമാനത്തോളം ആളുകളും മറ്റ് സമൂഹമാധ്യമങ്ങളിലെ 78 ശതമാനം ആളുകളും ഈ നീക്കത്തെ പിന്തുണച്ചു.
മെയ് ഒന്നു മുതലാണ് പുതിയ പരിഷ്‌കാരം പ്രാവര്‍ത്തികമാകുക. നിശ്ചയിച്ച വേഗപരിധിക്ക് താഴെ വാഹനം ഓടിച്ചാല്‍ നിയമലംഘകാര്‍ക്ക് 400 ദിര്‍ഹം പിഴ ലഭിക്കും. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് മിനിമം വേഗപരിധി സജീവമാക്കുന്നതിന്റെ ലക്ഷ്യമെന്ന് അബുദാബി പോലീസ് വിശദീകരിച്ചു. വേഗത കുറച്ച് വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൊട്ടടുത്തുള്ള ട്രാക്കുകളില്‍ മാറി വാഹനം ഓടിക്കുകയും, ഫാസ്റ്റ് ട്രാക്കുകളില്‍ വേഗത കുറച്ച് അലസമായി വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയും വേണം.
അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന് ഫാസ്റ്റ് ട്രാക്കുകള്‍ എപ്പോഴും തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ഇതുവഴി അടിയന്തര യാത്രക്കാര്‍ക്ക് ആദ്യ രണ്ടു ട്രാക്കുകളിലൂടെ വേഗത്തില്‍ പോകാനും, മറ്റു ട്രാക്കുകളില്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുവാനും സാധിക്കും. എമിറേറ്റുകളിലെ മറ്റു ഹൈവേകളിലും ഈ നീക്കം നടപ്പിലാക്കാനാണ് ഭൂരിഭാഗം പേരും സര്‍വ്വേയില്‍ ആവശ്യപ്പെട്ടത്.