‘മരണത്തിന് തൊട്ടുമുമ്പ് തന്റെ പണിതീരാനായ വീട് അവസാനമായി വീഡിയോ കോളിൽ കണ്ടു’, ഞെട്ടലായി പ്രവാസികളുടെ വിയോഗം

Advertisement

മലപ്പുറം: വിഷു ദിനത്തിൽ എത്തിയ ദുരന്ത വാർത്ത ചേറൂർ ഗ്രാമത്തിന് വിശ്വാസിക്കാൻ കഴിയുന്നതായിരുന്നില്ല. ദുബൈയിലെ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലുണ്ടായ തീപിടുത്തത്തിൽ ചേറൂർ ചണ്ണയിൽ സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവർ മരിച്ചെന്ന വാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ ഞെട്ടലാണുണ്ടാക്കി. ഇന്ന് ഇരുവരുടെയും ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും തേങ്ങലോടെയാണ് നാട് അവരെ വരവേറ്റത്.

വിഷു സന്തോഷങ്ങളറിയിക്കാൻ മരിക്കുന്നതിന് മുമ്പ് ഇവർ പിതാവ് ചന്തുവിന് വിളിച്ചിരുന്നു. റിജേഷ് പണിയുന്ന വീടിന്റെ അവസാന ഘട്ട പണികൾ നടക്കുന്നത് വീഡിയോ കോൾ വഴി കാണുകയും പണി തീർന്ന ഉടൻ പുതിയ വീടിലേക്ക് കയറാൻ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ വിഷുവിന് മുമ്പ് വീടിൽ കയറാനാണ് തീരുമാനിച്ചിരുന്നത്. പണി പൂർണ്ണമാവാത്തത് കാരണം നാട്ടിൽ വരുന്നത് നീട്ടുകയായിരുന്നു.

വിഷുദിനത്തിൽ റിജേഷിന്റെ ദുബൈയിലെ മുറിയിൽ ദുബായിലെ ബന്ധുക്കൾ ഒത്തുകൂടി വിഷു ആഘോഷിക്കണമെന്ന് കരുതിയിരുന്നു. എന്നാൽ പലർക്കും അവധി ലഭിക്കാത്തതിനാൽ ഒത്തുകൂടൽ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജിഷിയും ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. മുകളിലത്തെ ഫ്‌ലാറ്റിൽ ആണ് തീ പിടിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക വിശ്വസിച്ചാണ് ഇരുവരും മരിച്ചത്.

11 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണ്. ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ് ജിഷി. ഏഴു മാസം മുമ്പാണ് ഇവർ നാട്ടിൽ വന്ന് മടങ്ങിയത്. കോഴിക്കോട്ടെ മിഠായിത്തെരുവിനു സമാനമായി വ്യാപാര സ്ഥാപനങ്ങളാൽ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്‌റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപര സ്ഥാപനങ്ങളിവിടെ ഉണ്ട്.

സ്ഥാപനമുടമകളും ജോലിക്കാരുമെല്ലാം ഇതിനു പരിസര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. 100 കണക്കിന് ബാച്ചിലേഴ്‌സ് അപ്പാർമെന്റുകളുമുണ്ട്. മലയാളികളുടെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ തലാൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ആദ്യം ഉണ്ടായിരുന്നില്ല. ഇന്ത്യക്കാർക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. പല മുറികളിലും പല തട്ടുകളായി കട്ടിലുകൾ ഇട്ട് അഞ്ചും ആറും പേരാണ് താമസിക്കുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.