പെരുന്നാൾ ദിവസം ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ചു, പ്രവാസി മലയാളി മരിച്ചു

Advertisement

ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ.എസ്.പി ടിടി. അബ്ദുൽ ജബ്ബാറിൻറെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാ​ത്രിയാണ്​ സംഭവം.

റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച്​ നിൽക്കവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ദുബൈ റാഷിദിയയിലാണ്​ താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹംപാസ്​ പ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.

അതേസമയം, മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ (55) ആണ് പാലക്കാട്ട് വെച്ച് മരിച്ചത്. ചെന്നെയിലായിരുന്നു താമസം.

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദർശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളിൽ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഭാര്യ: പുഷ്പ സുരേഷ് പ്രമുഖ നർത്തകിയും ജിദ്ദ ഇന്ത്യൻ സ്കൂൾ അധ്യാപികയുമാണ്. മക്കൾ: കേശവ്, കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു.

Advertisement