ഷാർജ: ഷാർജയിൽ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഏതാനും ദിവസം മുമ്പ് അൽ നഹ്ദയിൽ വെച്ചായിരുന്നു സംഭവം. 12 വയസുകാരിയാണ് മരണപ്പെട്ടത്.
മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക് ചാടി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
കെട്ടിടത്തിന്റെ 17-ാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ അമ്മയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛനും സഹോദരിയും ഈ സമയം നാട്ടിലായിരുന്നു. കുട്ടി പഠിച്ചിരുന്ന അതേ സ്കൂളിൽ അധ്യാപികയായിരുന്നു അമ്മ. സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ താമസ സ്ഥലത്തെത്തിയ കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. അയൽവാസികൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി.