ദുബായ്∙ രാജ്യത്ത് തൊഴിൽ പെർമിറ്റ് കാലാവധി രണ്ടിൽനിന്ന് മൂന്ന് വർഷമാക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) ശുപാർശ. തൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴിൽ വീസ കാലാവധി കൂട്ടാൻ നിർദേശം.
തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമയെ ഒരു മാസം മുൻപെങ്കിലും അറിയിക്കുംവിധം നിയമഭേദഗതിയും ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികളുടെ വീസ കാലാവധി കുറയുന്നതു തൊഴിലുടമകൾക്ക് നഷ്ടമാണ്.
തൊഴിൽ ഉപേക്ഷിക്കുന്ന വ്യക്തിക്ക് പകരം നിയമനം നടത്താൻ നിലവിലുള്ള 14 ദിവസം മതിയാകില്ല. അതുകൊണ്ട് ഈ കാലാവധി മൂന്ന് മാസം വരെയെങ്കിലും വേണമെന്നാണ് എഫ്എൻസിയിൽ ഉയർന്ന നിർദേശം. തൊഴിൽ പരിശീലന ഘട്ടവും കടന്ന് ഒരു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ മാത്രം പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറാവുന്ന വിധത്തിലുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മുന്നറിയിപ്പില്ലാതെ തൊഴിൽ ഉപേക്ഷിക്കുകയോ തൊഴിലുടമയ്ക്കു നഷ്ടം വരുത്തുകയോ ചെയ്താൽ മടക്കയാത്ര വിമാന ടിക്കറ്റ് അടക്കമുള്ള ചെലവ് വഹിക്കേണ്ടെന്നും ശുപാർശയിൽ പറയുന്നു. തൊഴിലാളി മറ്റൊരു സ്ഥാപനത്തിലേക്ക് മാറുമ്പോൾ പുതിയ തൊഴിലുടമയിൽ നിന്ന് വർക്ക് പെർമിറ്റിന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അധിക നിരക്ക് ഈടാക്കരുത്. സ്വദേശി സംരംഭകർക്ക് സഹായകമാക്കുന്ന കാര്യങ്ങളും പാർലമെന്റ് സമിതി റിപ്പോർട്ടിലുണ്ട്.
സാമ്പത്തിക മന്ത്രാലയ റിപ്പോർട്ട് പ്രകാരം ചെറുകിട ,ഇടത്തരം കമ്പനികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 മധ്യപാദം വരെ മൂന്നര ലക്ഷം ചെറു, ഇടത്തരം കമ്പനികൾ യുഎഇയിൽ ഉണ്ടായിരുന്നു. 2023ലെ മന്ത്രാലയ റിപ്പോർട്ട് പ്രകാരം ഇതു 1.22 ലക്ഷമായി ചുരുങ്ങി. രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണിത്. സ്വദേശികളുടെ സംരംഭങ്ങളെ സാരമായി ബാധിക്കുന്ന ഘടകങ്ങളും സമിതിയുടെ റിപ്പോർട്ടിലുണ്ട്.