യുഎഇ വിസ ഇനി രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാം; വിശദ വിവരങ്ങൾ

Advertisement

അബുദാബി: യുഎഇയിലെ സന്ദർശക വിസ പുതുക്കാൻ ഇനി രാജ്യത്തിന് പുറത്തു പോകേണ്ടതില്ല. 30 ദിവസത്തേയും 60 ദിവസത്തേയും കാലാവധിയുള്ള സന്ദർശക വിസകളിൽ യുഎഇയിൽ എത്തിയ വിദേശികൾക്ക് യുഎഇയിൽ താമസിച്ചുകൊണ്ടുതന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടാൻ കഴിയും. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് എന്നിവയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

നേരത്തെയും വിസകൾ രാജ്യത്തിന് പുറത്ത് പോകാതെ പുതുക്കാനുള്ള സൗകര്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇത് നിർത്തലാക്കുകയായിരുന്നു. നിലവിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വെബ്‍സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പ്രകാരം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള സന്ദർശക വിസകൾ 30 ദിവസത്തേക്ക് കൂടി നീട്ടാനാവും. ഒരു സന്ദർശക വിസയുടെ കാലാവധി പരമാവധി ദീർഘിപ്പിക്കാനാവുന്നത് 120 ദിവസം വരെയാണെന്നും അറിയിപ്പിൽ പറയുന്നു. ഒരു മാസത്തേക്ക് വിസ ദീർഘിപ്പിക്കാൻ ഏകദേശം 1150 ദിർഹമാണ് ചെലവ് വരുന്നതെന്ന് ട്രാവൽ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശക വിസയിൽ ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവന്നിട്ടുള്ള പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

Advertisement