കുുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർമാർ താമസിക്കുന്ന വീടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. ഇതിനായി സമഗ്ര പരിശോധനകളും ശക്തമായ തുടർ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് പറഞ്ഞു. ഇത്തരത്തിൽ വിവിധ പ്രദേശങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്ന 1,150 വീടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകൾ ചേരുന്ന ഒരു സംയുക്ത കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഇവർ ഖൈത്താൻ ഏരിയയിൽ ഇതിനോടകം പരിശോധനകളും തുടങ്ങി. റെസിഡൻഷ്യൻ ഏരിയകളിൽ ആളുകൾ കുടുംബങ്ങളോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവണത ഇല്ലാതാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനും നിർദേശം നൽകി. ആറ് മാസം നീണ്ടു നിൽക്കുന്ന പരിശോധനാ ക്യാമ്പയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ കാലയളവിൽ വീടുകൾ കർശനമായി നിരീക്ഷിക്കുകയും പുതിയ പരാതികൾ ഉണ്ടാവുന്നുണ്ടോയെന്ന് പരിശോധിക്കുകയം ചെയ്യും. നിയമലംഘനങ്ങളുടെ സ്ഥിതി പരിശോധിക്കാൻ സാമൂഹിക നീതി മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്ത സംവിധാനത്തിന് രൂപം നൽകുകയും ചെയ്‍തിട്ടുണ്ട്.
കുവൈത്തിലെ മുനിസിപ്പൽകാര്യ മന്ത്രി ഫഹദ് അൽ ശുലയുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വകരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ആക്ടിങ് ചെയർമാൻ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയെല്ലാം പരിശോധനകളിൽ പങ്കാളികളാണ്. കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുക, നിയമലംഘനങ്ങൾ ഒഴിവാക്കുക, നിയമലംഘനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.