അബുദാബി: യുഎഇയില്‍ മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 60 ദിവസം കാലാവധിയുള്ള വിസകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിനൊപ്പം 90 ദിവസ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരന്നു. എന്നാല്‍ ഇപ്പോള്‍ 90 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) കോള്‍ സെന്ററും സ്ഥിരീകരിച്ചു.
മേയ് മാസം അവസാനത്തോടെ തന്നെ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ചില ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. 90 ദിവസം യുഎഇയില്‍ ചെലവഴിക്കുന്നതിനൊപ്പം രാജ്യം വിടാതെ തന്നെ നിശ്ചിത തുക ഫീസ് അടച്ച് ഈ വിസയുടെ കാലാവധി നീട്ടുകയും ചെയ്യാം. നിലവില്‍ 30 ദിവസത്തേക്കും 60 ദിവസത്തേക്കുമുള്ള കാലാവധിയില്‍ അനുവദിക്കുന്ന ടൂറിസ്റ്റ് വിസകളും 90 ദിവസത്തെ കാലാവധിയില്‍ അനുവദിക്കുന്ന വിസിറ്റ് വിസകളുമാണ് ലഭ്യമായിട്ടുള്ളത്.
90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് വിവിധ ട്രാവല്‍ ഏജന്‍സികളില്‍ 1500 മുതല്‍ 2000 ദിര്‍ഹം വരെയായിരിക്കും നിരക്ക്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാവും. പാസ്‍പോര്‍ട്ടിന്റെ കോപ്പിയും അടുത്തിടെ എടുത്ത കളര്‍ പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോയുമാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഫീസിന് പുറമെ ആവശ്യമായിട്ടുള്ളത്.