താമസിച്ചിരുന്ന വീട്ടില്‍ മദ്യ നിര്‍മാണം; രണ്ട് സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍

Advertisement

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. ഇവരില്‍ രണ്ട് പേര്‍ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. വന്‍ മദ്യശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു.

ഉമ്മുല്‍ ഹൈമാന്‍ ഏരിയയിലാണ് വന്‍ സന്നാഹങ്ങളുമായി മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഒരു പ്ലാസ്റ്റിക് കവറുമായി നില്‍ക്കുകയായിരുന്ന ഒരു പ്രവാസിയെയാണ് പൊലീസ് പട്രോള്‍ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കവര്‍ പരിശോധിച്ചപ്പോള്‍ രണ്ട് കുപ്പി മദ്യമായിരുന്നു ഇയാളുടെ കൈയിലുണ്ടായിരുന്നത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ മദ്യ വില്‍പന നടത്തിയ കാര്യം ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മറ്റ് ഏതാനും പേരോടൊപ്പം താന്‍ താമസിക്കുന്ന സ്ഥലത്തു തന്നെയാണ് മദ്യം നിര്‍മിക്കുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഇതോടെ കൂടുതല്‍ പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഇവിടെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയായിരുന്നു. ഈ വീട്ടിലുണ്ടായിരുന്ന രണ്ട് സ‍്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്‍തു.

വീട് പരിശോധിച്ചപ്പോള്‍ മദ്യ നിര്‍മാണത്തിനാവശ്യമായ 192 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 492 ബോട്ടില്‍ മദ്യവും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികളെല്ലാവരും കുറ്റം സമ്മതിക്കുകയും ചെയ്‍തു. തുടര്‍ നടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Advertisement