തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതൽ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള സോപ്സ് ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രം 2023 മെയ് മാസത്തിൽ ഒപ്പുവയ്ക്കാൻ കേരള സോപ്സിന് സാധിച്ചിരുന്നു.
കൂടാതെ യു എ ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്നും പി രാജീവ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാൻ സാധിച്ച 2022-23 വർഷത്തിന് ശേഷം 2023-24 വർഷത്തിലും മികച്ച തുടക്കം നേടാൻ കേരള സോപ്സിന് സാധിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പ്രതിസന്ധിയിലുള്ള കയർ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 534 കയർ സഹകരണ സംഘങ്ങളിൽ നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തന മൂലധനമായും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായും 4.5 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വീതം 300 സംഘങ്ങൾക്കായി ഈ തുക അനുവദിക്കും. ഇതോടൊപ്പം 100 സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, ബാക്കി 134 സംഘങ്ങൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകുന്നതിനായും രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
നിയന്ത്രിത യന്ത്രവത്ക്കരണവും അടിസ്ഥാന സൗകര്യ വികസനവും നടത്തിയ സംഘങ്ങൾക്ക് പ്രവർത്തനമൂലധനം കൂടി നൽകി തികച്ചും പ്രവർത്തന യോഗ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പ്രവർത്തന മൂലധനത്തിന് പുറമെ 313 സംഘങ്ങളിലെ 329 ജീവനക്കാർക്ക് 2023–24 സാമ്പത്തിക വർഷത്തിൽ മാനേജീരിയൽ സബ്സിഡിയായി രണ്ട് കോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി ഇതിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.
ഇതിനൊപ്പം തന്നെ ഇൻകം സപ്പോർട്ട് സ്കീമിൽ കുടിശ്ശികയായിട്ടുളള 2.06 കോടി രൂപ ചിറയിൻകീഴ്, വൈക്കം, കായംകുളം, കോഴിക്കോട് എന്നീ പ്രൊജക്റ്റ് ഓഫീസുകൾക്ക് കീഴിലുള്ള സംഘങ്ങൾക്ക് അനുവദിച്ചും ഉത്തരവായിട്ടുണ്ട്. കയർ മേഖലയിൽ വിലസ്ഥിരതാ പദ്ധതിയിൽ നടപ്പുവർഷം 3.44 കോടി രൂപയാണ് കയർഫെഡിന് അനുവദിച്ചിട്ടുള്ളത്. ഒപ്പം അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ നടപ്പു സാമ്പത്തിക വർഷം 10 കയർ സംഘങ്ങൾക്കായി ആകെ 1.87 കോടി രൂപയും അനുവദിച്ചു.
കയർ കോർപ്പറേഷൻ, കയർ സ്ഥാപനങ്ങൾ എന്നിവ സംഭരിച്ച കയർ വിറ്റഴിക്കാൻ പ്രഖ്യാപിച്ച തീവ്ര യജ്ഞ പദ്ധതി മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ഈ യജ്ഞം വഴി കയർ കോർപ്പറേഷൻ കയർ സംഭരിച്ചിരുന്ന 5 ഗോഡൗണുകളിൽ 2ഉം കയർഫെഡ് വാടകയ്ക്ക് എടുത്തിരുന്ന 16 ഗോഡൗണുകളിൽ 5 എണ്ണവും കാലിയാക്കി ഒഴിവാക്കാൻ സാധിച്ചു. ബാക്കിയുള്ള ഗോഡൗണുകളും ഒഴിയുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണെന്നും പി രാജീവ് അറിയിച്ചു.