സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 22 പ്രവാസി വനിതകള്‍ അറസ്റ്റില്‍

Advertisement

ദോഹ: ഖത്തറില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 22 പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഫോളോ-അപ് ഡിപ്പാര്‍ട്ട്മെന്റാണ് ഇവരെ അറസ്റ്റിലായത്. ഗാര്‍ഹിക തൊഴിലാളികളായി ഖത്തറില്‍ ജോലി ചെയ്തിരുന്ന ഏഷ്യക്കാരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ഒളിച്ചോടിയ വീട്ടുജോലിക്കാരുടെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് ഇത്രയും ഗാര്‍ഹിക തൊഴിലാളികള്‍ അറസ്റ്റിലായത്. ഖത്തറിലെ നിയമപ്രകാരം സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളെക്കൊണ്ട് മറ്റൊരിടത്ത് ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തില്‍ ഒരു സ്ഥലത്ത് നിന്ന് ഒളിച്ചോടിയവര്‍ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നതിന്റെ അപകട സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനകള്‍.

ഇത്തരക്കാരെ പിടികൂടുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും അവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങളുടെ ലംഘനം ഇല്ലാതാക്കാനും വഴിയൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ പിടിയിലായ 22 പേരെയും തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുകയോ അഭയം കൊടുക്കുകയോ ചെയ്യുന്നതിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ അത് ഒഴിവാക്കണമെന്നും പകരം ഇത്തരക്കാരെക്കുറിച്ച് അധികൃതരെ വിവരമറിയിക്കുകയാണ് വേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.

Advertisement