പ്രിയതമയെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും അനുവദിക്കാത്ത ക്രൂരത; ദുരിതപര്‍വം താണ്ടിയ പ്രവാസി നാടണഞ്ഞു

Advertisement

റിയാദ്: പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാനായില്ലെങ്കിലും വെറും കൈയ്യോടെ ഒഡീഷ ഭുവനേശ്വർ സ്വദേശി അഭിമന്യു (42) നാടണഞ്ഞു. എട്ട് മാസം മുമ്പാണ് ഇയാൾ ട്രക്ക് ഡ്രൈവർ വിസയിൽ റിയാദിലെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഭാര്യ സീത സമന്തറായ് നാട്ടിൽ മരിച്ചു. അവരെ അവസാനമായൊന്ന് കാണാൻ നാട്ടിൽ പോകണമെന്ന് ആഗ്രഹിച്ചെങ്കിലും സ്‍പോൺസർ അനുവാദം നൽകിയില്ലെന്ന് മാത്രമല്ല ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് നാട്ടിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി ഈ കാര്യത്തിൽ ഇടപ്പെടുകയായിരുന്നു. തുടർന്ന് സമൂഹിക പ്രവര്‍ത്തകന്‍ നിഹ്മത്തുല്ലയെ (പ്രവാസി വെൽഫെയർ) സ്‍പോൺസറുമായി സംസാരിക്കാൻ എംബസി നിയോഗിച്ചു. എന്നാൽ വളരെ മോശമായ രീതിയിലാണ് സ്‍പോൺസർ പ്രതികരിച്ചത്. മനുഷ്യത്വം തീരെയില്ലാതെ പ്രതികരിച്ച ഇയാൾ യാതൊരു തരത്തിലും നാട്ടിലേക്ക് പോകുവാനുള്ള അനുവാദം നൽകിയില്ലെന്ന് മാത്രമല്ല കരാർ പ്രകാരമുള്ള രണ്ട് വർഷം കഴിയാതെ വിടില്ലെന്ന ഉറച്ച നിലപാടുമെടുത്തു. തുടർന്ന് ഇന്ത്യൻ എംബസിയിലേക്ക് അദ്ദേഹത്തെ വിളിച്ച് വരുത്തുകയും എംബസി അധികൃതർ നേരിട്ട് സംസാരിക്കുകയും ചെയ്‍തിട്ടും സ്‍പോണ്‍സറുടെ നിലപാടിൽ മാറ്റമുണ്ടായില്ല.

തുടർന്ന് എംബസി അധികൃതർ വിസ നൽകിയ ഏജന്റുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം അറിയിച്ചു. എട്ട് മാസം മുമ്പ് റിയാദിലെത്തിയ അഭിമന്യുവിന്ന് ഇതുവരെ ഇഖാമ നൽകിയിട്ടില്ലായിരുന്നു. കൂടാതെ മൂന്ന് മാസത്തോളമായി ശമ്പളവും തടഞ്ഞു വെച്ചിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ച് ഏജന്റിനെ അറിയിച്ചപ്പോൾ സ്‍പോൺസർ ശമ്പളം നൽകുന്ന വീഡിയോ ഏജന്റിന് അയച്ച് കൊടുത്തു. എന്നാൽ വീഡിയോ തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും ചിത്രീകരണത്തിന്ന് ശേഷം നൽകിയ ശമ്പളം പിടിച്ച് വാങ്ങുകയും ചെയ്തതായി അഭിമന്യു എംബസി അധികൃതരെ അറിയിച്ചു.

സ്‍പോൺസറുടെ ഉപദ്രവം രൂക്ഷമായപ്പോൾ ഇന്ത്യൻ എംബസി അധികൃതരുടെ നിർദേശപ്രകാരം സ്‍പോൺസറുടെ അടുത്ത് നിന്നിറങ്ങി എംബസിയിൽ അഭയം തേടി. തുടർന്ന് തർഹീൽ വഴി എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോകാൻ എംബസി അധികൃതർ വഴിയൊരുക്കി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ലേബർ അറ്റാഷെ ഭഗവാൻ മീന, ഓഫിസർമാരായ ഷറഫുദ്ദീൻ, നസീം തുടങ്ങിയവരാണ് എംബസിയുടെ ഭാഗത്ത് നിന്ന് നിയമപരമായ സഹായങ്ങൾ നൽകിയത്.

അഭിമന്യുവിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടൽ സൗകര്യവും മുംബൈയിൽ നിന്നും ഭുവനേശ്വർ വരെയുള്ള എയർ ടിക്കറ്റും നൽകി പ്രവാസി വെൽഫയർ പ്രവർത്തകരായ നിഹ്മത്തുല്ല, ശിഹാബ് കുണ്ടൂർ, ബഷീർ പാണക്കാട് തുടങ്ങിയവരാണ് അദ്ദേഹത്തെ സഹായിക്കാൻ കൂടെയുണ്ടായിരുന്നത്.