റിയാദ്: സൗദി അറേബ്യയില്‍ മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീം ആണ് സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ മരിച്ചത്.
താമസസ്ഥലത്തു വെച്ച് ഷോക്കേറ്റതിനെ തുടർന്ന്, കൂടെയുള്ളവർ അൽഹസ അൽമന ആശുപത്രിയിൽ എത്തിച്ചെങ്കിലും, അവിടെ വച്ച് മരണപ്പെടുകയായിരുന്നു. അൽഹസ ഷാറെ സിത്തീനിൽ ആയിരുന്നു ജമാൽ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ജമാൽ സലീമിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി കഴിഞ്ഞയാഴ്ച ഷോക്കേറ്റ് മരിച്ചിരുന്നു. കൊല്ലം പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.