മോസ്‍കോ: പറന്നുയരാൻ തയ്യാറെടുക്കവെ വിമാനത്തിനുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബർഗിൽ നിന്ന് ദുബായിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടർന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാർ വിമാനം റൺവേയിൽ നിന്ന് മാറ്റുകയായിരുന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളിൽ നിന്ന് പുറത്തിറക്കി. തുടർന്ന് റഷ്യൻ ഏവിയേഷൻ അധികൃതരും വിമാനത്താവളത്തിലെ ഫയർ സേഫ്റ്റി വിഭാഗവും വിമാനത്തിൽ പരിശോധന നടത്തി. അന്വേഷണം പൂർത്തിയായ ശേഷം വിമാനം പുറപ്പെട്ടുവെന്ന് എമിറേറ്റ്സ് അറിയിച്ചു. ‘പരിശോധനകളെല്ലാം പൂർത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തിൽ കയറ്റുകയും കുറച്ച് സമയം വൈകി സർവീസ് നടത്തുകയും ചെയ്തു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല’ – എമിറേറ്റ്സ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു.