മസ്‍കത്ത്: ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാഹി പെരുങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‍ലഹ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെത്തി മടങ്ങിപ്പോകുന്നതിനിടെയായിരുന്നു അപകടം.
വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മസ്‍ബാഹിന് (38) പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിന് സമീപത്തുവെച്ചാണ് വാഹനം ഒട്ടകത്തെ ഇടിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് അഫ്‍ലഹ്, മസ്‍കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‍താഹിനെയും കൂട്ടിയാണ് സലാലയില്‍ എത്തിയത്. ഇവിടെ നിന്ന് മടങ്ങിപ്പോവുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്‍താഹും എട്ട് വയസുകാരന്‍ മുഹമ്മദ് ആസിലും സുരക്ഷിതരാണ്. മുഹമ്മദ് അഫ്‍ലഹിന്റെ മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി ഏതാനും ദിവസം മുമ്പ് മുങ്ങിമരിച്ചിരുന്നു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ദുബൈ ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് സലാലയില്‍ എത്തിയത്. വാദി ദര്‍ബാത്തിലെ ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സാദിഖിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെളി നിറഞ്ഞ വാദി ദര്‍ബാത്തില്‍ കുളിക്കാന്‍ ഇറങ്ങിയവര്‍ നേരത്തെയും അപകടത്തില്‍പെട്ടിട്ടുണ്ട്.