ഫോർവീൽ വാഹനങ്ങളുടെ ഉടമസ്ഥവകാശം ഫാമിലി വിസയിലുള്ളവർക്ക് മാത്രം

Advertisement

മസ്കത്ത്: രാജ്യത്ത് ഫോർവീൽ വാഹനങ്ങളുടെ ഉടമസ്ഥവകാശം ഫാമിലി വിസയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. അനധികൃതമായി ഗതാഗതത്തിനും ചരക്ക് വിതരണത്തിനും വേണ്ടി പ്രവാസികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിൻറെ ഭാഗമായാണിത്. വിദേശികൾക്ക് അവരുടെ കുടുംബം രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഫോർ വീൽ വാഹനം സ്വന്തമാക്കാനാകൂ എന്ന് റോയൽ ഓമൻ ട്രാഫിക് വിഭാഗം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

വാഹനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് ഉടമക്ക് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവയുടെ പുതിയ രജിസ്ട്രേഷൻ റോയൽ ഒമാൻ പൊലീസിന് തടയാൻ കഴിയുന്നതാണ്. കഴിഞ്ഞ ദിവസം ഒരു പ്രവാസി പുതിയ ഫോർവീൽ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി റോയൽ ഒമാൻ പൊലീസ് ട്രാഫിക്ക് വിഭാഗത്തെ സമീപിച്ചു. എന്നാൽ, അ ദ്ദേഹത്തിൻറെ കുടുംബം ഇവിടെ ഇല്ലാത്തതിനാൽ രജിസ്ട്രേഷൻ അധികൃതർ നിരസിക്കുകയായിരുന്നു. ഇത്തരം വാഹനങ്ങളുപയോഗിച്ച് നടത്തുന്ന ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് കരുതുന്നത്.

കോംപാക്റ്റ്, മിനി, മിഡ്സ് അല്ലെങ്കിൽ കൂപ്പെ ട്രക്കുകൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പിക്കപ്പ് ട്രക്കുകൾ പ്രവാസികൾ സ്വന്തമാക്കുന്നതിനും ആർ.ഒ.പി കർശനമായി വിലക്കുന്നുണ്ട്. അതേസമയം, ഈ വാഹനങ്ങൾ അവരുടെ ജോലിയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ പ്രവാസികൾക്ക് അവരുടെ പേരിൽ ആഢംബര/ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

മാനേജർമാർ, ടെക്നീഷ്യൻമാർ, എൻജിനീയർമാർ തുടങ്ങിയ മറ്റ് സമാന പ്രത്യേക പ്രഫഷണൽ തസ്തികകൾ ജോലി ചെയ്യുന്ന പ്രവാസികളെ ഈ വിലക്കിൽനിന്ന് ഒഴവാക്കിയിട്ടുണ്ട്. ഈ വ്യക്തികൾക്ക് അത്തരം വാഹനങ്ങൾ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും അർഹതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫോർവീൽ അല്ലെങ്കിൽ പിക്കപ്പ് ട്രക്ക് എന്നിവ പ്രവാസികൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ 35 റിയാൽ പിഴ ചുമത്തുമെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി. കുറ്റം ആവർത്തിച്ചാൽ തുടർനടപടികൾക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റും.