റിയാദ്: ഒരു മാസം മുമ്പ് ജുബൈലിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ എറണാകുളം സ്വദേശി തീവ്ര പരിചരണ വിഭാഗത്തിൽ. കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയിൽ ഫൈസൽ ആണ് ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ ഒരു മാസത്തിലേറെയായി കഴിയുന്നത്.
ജൂൺ 21 ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് കമ്പനിയിൽ ഏഴ് മാസം മുമ്പാണ് ട്രെയിലർ ഡ്രൈവറായി ഫൈസൽ എത്തിയത്. റിയാദിൽ നിന്ന് ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിൻറെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം.
വലത്തേ കാലിനും നാടുവിനും ഗുരുതര പരുക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമാം മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇടുപ്പിന് സങ്കീർണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ നില അൽപം മെച്ചപ്പെടും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങൾക്ക് 32,000 റിയാൽ നഷ്ടപരിഹാരം ഫൈസൽ നൽകണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവർത്തകർ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയയ്ക്കാൻ പോലും തൊഴിലുടമ തറാറാകുന്നില്ല. ഗോസി ഇൻഷുറൻസ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിൻറെ പരിധി കഴിഞ്ഞതോടെ അതും നിലച്ച അവസ്ഥയിലാണ്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹികപ്രവർത്തകർ.