നാട്ടിലേക്ക് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെ മലയാളി സൗദിയിൽ അന്തരിച്ചു

Advertisement

അൽ ഹസ: നാട്ടിലേക്ക് മടങ്ങാൻ 2 ദിവസം മാത്രം ബാക്കിയിരിക്കെ മലയാളി അൽ ഹസയിൽ അന്തരിച്ചു. മലപ്പുറം, അരീക്കോട്, കുനിയിൽ സ്വദേശി, ഇയ്യക്കാട്ടിൽ അരവിന്ദനാ(56)ണ് ഹൃദയാഘാതം മൂലം ശനിയാഴ്ച രാത്രി മരിച്ചത്. ആറ് മാസം മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമുള്ള അരവിന്ദൻ തുടർ പരിശോധനകൾക്കു വേണ്ടി അവധിക്ക് റീഎൻട്രി വീസയിൽ നാട്ടിൽ പോയി മടങ്ങാനിരിക്കുകയായിരുന്നു.

ഈ മാസം എട്ടിന് നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്തിരുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമുള്ള സ്നേഹസമ്മാനങ്ങളുമായി തയാറെടുപ്പുകൾ പൂർത്തിയാക്കി യാത്രയ്ക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം. കഴിഞ്ഞ 30 വർഷത്തോളമായി ഹുഫൂഫിനടുത്ത് മുനൈസിലയിൽ സ്വദേശി സ്പോൺസറുടെ കീഴിൽ നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് അരവിന്ദൻ റീ എൻ്ട്രി വീസയിൽ മടങ്ങി വരാൻ ആഗ്രഹിച്ചത്.

വാർധ്യക്യത്തിലെത്തിയ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു. ഭാര്യ: ഇ. കെ.ഗീത. മക്കൾ: ഇ.കെ. അദിത്യ, ഇ.കെ.ആദർശ്, ഇ.കെ.അഭിനവ്.

ഒഐസിസിയുടെ സജീവ പ്രവർത്തകനായ അരവിന്ദന്റെ നിര്യാണത്തിൽ അൽഹസ ഒഐസിസി അനുശോചിച്ചു. അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Advertisement