ലോകത്തിലെ ഏറ്റവും വലിയ ഫെറിസ് വീല്‍ ‘ഐന്‍ ദുബായ്’ പ്രവര്‍ത്തനം ആരംഭിച്ചത് രണ്ടു വര്‍ഷം മുന്‍പാണ്. എന്നാല്‍ തുറന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ദുബായുടെ കണ്ണ് എന്നര്‍ഥമുള്ള ഐന്‍ ദുബായ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു. ”ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐന്‍ ദുബായ് പ്രവര്‍ത്തിക്കില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐന്‍ ദുബായ് അടച്ചിരിക്കുന്നു”, എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്.
അറ്റകുറ്റപ്പണികള്‍ക്കായി ഈ ഫെറിസ് വീല്‍ ഒരു മാസത്തേക്ക് അടയ്ക്കും എന്നും വീണ്ടും തുറക്കും എന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഇത് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. 2021-ലായിരുന്നു വീലിന്റെ ഉദ്ഘാടനം. ഫെറിസ് വീല്‍ തുറക്കുന്നത് നീളുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനു സമീപം തുറന്ന റെസ്റ്റോറന്റുകള്‍, കടകള്‍, കഫേകള്‍ എന്നിവയുടെയെല്ലാം ഉടമകളും ആശങ്കയിലാണ്. ഐന്‍ ദുബായ് ഇനി തുറക്കുമോ എന്ന സംശയത്തിലാണ് പലരും.
ദുബായ് ബ്‌ളൂ വാട്ടേഴ്‌സ് ദ്വീപിലാണ് അന്താരാഷ്ട്ര കമ്പനികളുടെ സഹകരണത്തോടെ നിര്‍മിച്ച ഐന്‍ ദുബായ് സ്ഥിതി ചെയ്യുന്നത്. റീട്ടെയില്‍, റെസിഡന്‍ഷ്യല്‍, എന്റര്‍ടെയ്ന്‍മെന്റ് ഹബ്ബായി രൂപകല്‍പ്പന ചെയ്ത ഒരു മനുഷ്യനിര്‍മിത ദ്വീപാണ് ബ്‌ളൂ വാട്ടേഴ്‌സ്. ഒരു വര്‍ഷത്തിലേറെയായി, ഐന്‍ ദുബായിലേക്കുള്ള പ്രധാന കവാടം അടഞ്ഞുകിടക്കുകയും ടിക്കറ്റ് ബൂത്തുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുകയും ചെയ്തിരിക്കുകയാണ്. പുറത്തു നിന്ന് ചിത്രമെടുക്കാനായി ചെറിയൊരു വിഭാഗം വിനോദ സഞ്ചാരികള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയെത്തുന്നത്.
ദുബായ് ടൂറിസം വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച്, ഈ ഫെറിസ് വീലിന് 250 മീറ്റര്‍ (825 അടി) ഉയരമുണ്ട്. ലണ്ടന്‍ ഐയുടെ ഇരട്ടി ഉയരമുള്ള ഈ വീല്‍ ലോകത്തിലെ ഏറ്റവും വലിയ ഫെറിസ് വീലാണ്. ഇതില്‍ 48 പാസഞ്ചര്‍ ക്യാബിനുകളുമുണ്ട്. അവയെല്ലാം എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ളതാണ്. ഈ ഫെറീസ് വീലില്‍ ഒരേ സമയം 1,750 പേര്‍ക്ക് കയറാനാകും. 100 ദിര്‍ഹത്തിനും 4,700 ദിര്‍ഹത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്കുകള്‍.