അബുദാബിയിലെ ഇരട്ട മരണം: കൊല്ലപ്പെട്ട ഹാരീസിന്റെ ഭാര്യയുടെ മൊഴിയെടുക്കും

Advertisement

കൊച്ചി: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിൽ ഹാരിസിന്റെ ഭാര്യ കുന്നമംഗലം നസ്‌ലീനയുടെ (29) മൊഴി സിബിഐ രേഖപ്പെടുത്തും. അബുദാബിയിൽ നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ നസ്‌ലീനയെ സിബിഐയുടെ കൊച്ചി ഓഫിസിലെത്തിച്ചാണു മൊഴിയെടുക്കുന്നത്.

അബുദാബിയിലെ ഫ്ലാറ്റിൽ 2020 മാർച്ച് അഞ്ചിനാണു ഹാരിസിനെയും ഡെൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു അബുദാബി പൊലീസിന്റെ നിഗമനം. എന്നാൽ ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവരുടെ ഹർജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വ്യാപാര പങ്കാളിയായിരുന്നു കൊല്ലപ്പെട്ട ഹാരിസ്. ഇതും കേസിനു മറ്റു മാനങ്ങൾ നൽകി. യെമനിലെ ഭീകരസംഘടനകൾക്കു പെട്രോളിയം ഉൽപന്നങ്ങൾ കള്ളക്കടത്തായി എത്തിച്ചു വലിയ സാമ്പത്തിക നേട്ടം ഹാരിസും ഷൈബിനും ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ശത്രുതയിലായി. ഒടുവിൽ ഹാരിസിന്റെ നേതൃത്വത്തിൽ ഷൈബിനെ ലഹരിക്കേസിൽ കുടുക്കി ജയിലിലാക്കി.

കേസിൽ മോചിതനായി നാട്ടിലെത്തിയശേഷം ഹാരിസിനോടു പ്രതികാരം ചെയ്യാൻ ഷൈബിൻ കാത്തിരുന്നു. ഇതിനിടയിൽ ഹാരിസും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അവസരം മുതലാക്കി ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘം അബുദാബിയിലെത്തി ഹാരിസിനെയും സഹപ്രവർത്തകയെയും നാടകീയമായി കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കേസ്. ഇതിൽ ഭാര്യ നസ്‍ലീനയുടെ മൊഴികൾ ഏറെ നിർണായകമാണ്.

Advertisement