കുവൈത്ത് സിറ്റി: നിയമലംഘനത്തിന് പിടിയിലായി മൂന്ന് ആഴ്ച കുവൈത്തിൽ ജയിലിൽ കഴിഞ്ഞ 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർ മോചിതരായി. ഇവരെ ഇന്നു നാടുകടത്താൻ നടപടികൾ പുരോഗമിക്കുന്നതിനിടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലിലാണു മോചിതരായത്.
ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയ ശേഷം വീടുകളിൽ പോകാൻ അനുവദിച്ചു. ഇറാൻ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വർഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരാണ് മിക്കവരും. കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടർന്ന് ഇവരിൽ അഞ്ച് മലയാളികൾക്ക് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കിയിരുന്നു. ശസ്ത്രക്രിയാ മുറിയിൽ ലൈസൻസില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകൾ ഇല്ലായിരുന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചിട്ടുണ്ട്.