അബുദാബി: യുഎഇയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾക്ക് തൊഴിലില്ലായ്മ ഇൻഷുറൻസിൽ ചേരാൻ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. സ്വകാര്യ മേഖലയിലെയും ഫെഡറൽ ഗവൺമെന്റിലെയും എല്ലാ ജീവനക്കാരും നിർബന്ധമായും ഈ പദ്ധതിയിൽ ചേരേണ്ടതാണെന്ന് അധികൃതർ പറഞ്ഞു.
ഫ്രീ സോണുകൾ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് റജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്ന് നിയമ ഉപദേഷ്ടാവ് മുഹമ്മദ് നജീബ് പറഞ്ഞു. 2022 ലെ മന്ത്രിതല പ്രമേയം നമ്പർ 604 അനുസരിച്ച് ജോലി ആരംഭിച്ച ജീവനക്കാർക്ക് യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. 2023 ജനുവരി 1 ന് ശേഷം ജോലി ചെയ്യുന്ന ആളുകൾ യുഎഇയിൽ പ്രവേശിച്ച് നാല് മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണം.ഒക്‌ടോബർ ഒന്നിന് റജിസ്‌ട്രേഷനുള്ള സമയപരിധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച പുതിയ ജീവനക്കാർക്കും ഈ ഗ്രേസ് പിരീഡ് ബാധകമാണെന്നും മുഹമ്മദ് നജീബ് പറഞ്ഞു.
നിയമമനുസരിച്ച്, നാല് മാസത്തിന് ശേഷം പദ്ധതിയിൽ റജിസ്റ്റർ ചെയ്യാത്തവർക്ക് 400 ദിർഹം പിഴ ബാധകമാകും. റജിസ്ട്രേഷന്റെ ഉത്തരവാദിത്തം ഓരോ ജീവനക്കാരനുമുണ്ട്. എന്നാൽ തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരെ സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ജോലി നഷ്ട്ടപ്പെട്ടവർ പുതിയ ജോലി അന്വേഷിക്കുമ്പോൾ മാന്യമായ ജീവിതം നയിക്കാൻ മൂന്ന് മാസത്തേക്ക് ജീവനക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് ഇൻഷുറൻസ് സംവിധാനം. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഇത് ആളുകളെ സഹായിക്കും. തൊഴിലില്ലായ്മ ഇൻഷുറൻസ് സംവിധാനത്തിനായി 65 ലക്ഷത്തിലേറെ ജീവനക്കാർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റജിസ്ട്രേഷന്: www.iloe.ae.