മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

representational image
Advertisement

മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നവംബറിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് സർവീസുകളുണ്ടാവുകയെന്ന് വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നു.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ. എന്നാൽ, വ്യാഴാഴ്ചകളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകും. പ്രതിദിന സർവീസുകളാണ് നിലവിൽ നടത്തിവരുന്നത്. പകൽ യാത്ര സാധ്യമാകുന്ന തരത്തിൽ പുതിയ സമയക്രമത്തിലായിരിക്കും സർവീസ്. അതേസമയം, മസ്‌കത്തിൽ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങളും തുടരും.

എന്നാൽ, ഡിസംബറിൽ കോഴിക്കോട്ടേക്ക് പ്രതിദിന സർവീസുകൾ പുനഃരാരംഭിക്കും. ക്രിസ്മസ് സീസൺ കൂടി ആയതിനാൽ ഉയർന്ന നിരക്കായിരിക്കും ഡിസംബറിൽ ടിക്കറ്റിന് നൽകേണ്ടിവരിക. നേരത്തെയുണ്ടായിരുന്ന മസ്‌കത്ത്-കോഴിക്കോട്‌ സലാം എയർ സർവീസുകൾ അവസാനിപ്പിച്ചതിനാൽ ഈ റൂട്ടിൽ ബജറ്റ് വിമാനങ്ങൾ കുറയും. ഇത് ടിക്കറ്റ് നിരക്കുയരാൻ ഇടയാക്കുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

പുലർച്ചെ 2.50ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം ഇന്ത്യൻ സമയം രാവിലെ 8.15ന് കോഴിക്കോട് ലാൻഡ് ചെയ്യും. ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് നിന്ന് തിരികെ പറക്കുന്ന വിമാനം ഒമാൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് മസ്‌കത്തിൽ ലാൻഡ് ചെയ്യും. എന്നാൽ, വ്യാഴാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെടുന്ന ഒരു സർവീസ് അധികമുണ്ടാകും. വൈകുന്നേരം 5.05ന് കോഴിക്കോട് ലാൻഡ് ചെയ്യും. അതേസമയം, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സമയത്തിലും മാറ്റമില്ല.