ഫുജൈറ: മഹ്സൂസ് 154-ാമത് നറുക്കെടുപ്പിൽ മലയാളി യുവാവിന് 45 കോടിയിലേറെ രൂപ (2 കോടി ദിർഹം) സമ്മാനം. ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററായ കന്യാകുമാരിയിൽ താമസിക്കുന്ന ശ്രീജു(39)വാണ് മെഹ്സൂസിന്റെ 64-ാമത്തെ കോടീശ്വരനായത് .
കഴിഞ്ഞ 11 വർഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം. ശനിയാഴ്ച വൈകിട്ട് ജോലിയിലിരിക്കെയാണ് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അവിശ്വസനീയമായ വിജയ വാർത്ത ശ്രീജുവിനെ തേടിയെത്തിയത്. ചെറിയൊരു സമ്മാനമല്ല, കോടികളാണ് ലഭിച്ചതെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോവുകയും ഒന്നും സംസാരിക്കാനാകാത്ത അവസ്ഥയുണ്ടാവുകയും ചെയ്തതായി ശ്രീജു പറഞ്ഞു. തുടർന്ന് കാറിലിരുന്നാണ് മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിജയിയായത് കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. എന്റെ വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാൻ മഹ്‌സൂസിന്റെ കോളിനായി കാത്തിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും രണ്ടുതവണ മഹ്‌സൂസിൽ പങ്കെടുക്കുന്നയാളാണ് ശ്രീജു.
കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും രണ്ടുതവണ മഹ്‌സൂസിൽ പങ്കെടുക്കുന്നയാളാണ് ശ്രീജു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷ മുന്നോട്ട് നയിച്ചതിനാൽ ഒരു മാസം പോലും പങ്കെടുക്കാതിരുന്നിട്ടില്ല. ഇത്തവണ പക്ഷേ വിജയിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ് ശ്രീജു. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ആ തീരുമാനങ്ങൾ സന്തോഷകരമായ വെല്ലുവിളിയാണെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും നാട്ടിൽ ഒരു വീട് വാങ്ങണമെന്നത് സ്വപ്നമായിരുന്നു. അതു സാക്ഷാത്കരിക്കണം.