ദീപാവലി ആഘോഷം: മലയാളി വ്യവസായിയുടെ വസതിയിലെത്തി ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗവും മന്ത്രിമാരും

Advertisement

മനാമ: ബഹ്‌റൈൻ മലയാളി വ്യവസായിയുടെ ദീപാവലി ആഘോഷങ്ങൾക്ക് ആശംസയുമായി ബഹ്‌റൈൻ രാജകുടുംബാംഗവും മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും എത്തിയത് മലയാളികൾക്ക് അഭിമാനമായി. ബഹ്‌റൈനിലെ വ്യവസായി പമ്പാവാസൻ നായരുടെ വസതിയിലാണ് ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ മകനും ലഫ്. കമാൻഡറുമായ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സന്ദർശനം നടത്തിയത്.

അദ്ദേഹത്തോടൊപ്പം ക്യാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലിക്കി, ഇൻഫർമേഷൻ കാര്യ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി, തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, നഗരസഭാ,കാർഷിക മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, സാമൂഹിക ക്ഷേമ മന്ത്രി ഒസാമ ബിൻ അഹമദ് ഖലാഫ് അൽ അഫ്‍സൂർ, നോർത്തേൺ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൽഹുസൈൻ അൽ അഫ്‍സൂർ എന്നിവരും എത്തി ദീപാവലി ആശംസകൾ നേർന്നു.

ഇന്ത്യൻ സ്‌ഥാനപതി വിനോദ് കെ. ജേക്കബ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവികുമാർ ജെയിൻ, ഇജ്ഹാസ് അസ്‌ലം എന്നിവരും ദീപാവലി ആഘോഷത്തിനെത്തി ആശംസകൾ നേർന്നു. ഇന്ത്യൻ സമൂഹത്തിന് ബഹ്‌റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും ഇന്ത്യൻ ജനത കടപ്പെട്ടിരിക്കുന്നുവെന്നും ഭരണാധികാരികളെ ഈ ആഘോഷങ്ങളിൽ സ്വാഗതം ചെയ്യാൻ കഴിഞ്ഞത് തങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യമായി കരുതുന്നുവെന്നും പമ്പാവാസൻ നായർ അറിയിച്ചു. ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് താങ്ങും തണലുമാകുന്ന പമ്പാവാസൻ നായരുടെ വസതിയിലേക്ക് ഭരണാധികാരി നേരിട്ടെത്തി ആഘോഷങ്ങളിൽ പങ്കെടുത്തതിൽ മലയാളി സംഘടനകളും സന്തുഷ്ടി പ്രകടിപ്പിച്ചു.

ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പമ്പാവാസൻ നായർ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് സഹായങ്ങൾ എത്തിച്ചിരുന്നു. കൂടാതെ കേരളത്തിലെ ഒരാശുപത്രി അടക്കം കോവിഡ് രോഗികൾക്കായി വിട്ടു നൽകുകയും ചെയ്തു.

Advertisement