അബുദാബി: ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ പൂർത്തിയാക്കിയതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും വെട്ടിലായി.
ഈ സ്കൂളുകളിൽ സീറ്റു കിട്ടിയില്ലെന്നു മാത്രമല്ല മറ്റു സ്കൂളിലെ പ്രവേശന നടപടികൾ തീർന്നതും വിനയായി.
ഇനി മക്കളെ നാട്ടിലേക്കു അയയ്ക്കേണ്ടിവരുമോ എന്ന വേവലാതിയിലാണ് മാതാപിതാക്കൾ. ഒക്ടോബറിൽ തുടങ്ങിയ പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചതോടെയാണ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയത്. അതിനിടെ നാട്ടിൽനിന്ന് എത്തുന്ന കുട്ടികൾക്ക് സ്കൂളിൽ സീറ്റ് ഉറപ്പിക്കാനാവാതെ പ്രയാസപ്പെടുന്നവരും ഏറെ.
കെജി–1 പ്രവേശനത്തിനായിരുന്നു വൻ തിരക്ക്. കെജി–2 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരിമിത സീറ്റുകളിലേക്കും സ്കൂളുകൾ ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷകരുടെ വർധന മൂലം നറുക്കെടുത്താണ് കെ.ജി–1 കുട്ടികളെ തിരഞ്ഞെടുത്തത്. നിലവിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് സീറ്റ് നൽകി ശേഷിക്കുന്ന സീറ്റിലേക്കായിരുന്നു നറുക്കെടുപ്പ്. പരിധിയിൽ കൂടുതലാണെങ്കിൽ സിബ്‍ലിങ്സ് അഡ്മിഷനും നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഓരോ സ്കൂളിലും യഥാർഥ സീറ്റുകളുടെ അഞ്ചും പത്തും ഇരട്ടി അപേക്ഷകൾ ലഭിക്കുമ്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
കെജി–2 മുതൽ മുതിർന്ന ക്ലാസുകളിലേക്ക് അതാതു സ്കൂളുകൾ നടത്തുന്ന പ്രവേശന പരീക്ഷയിൽ മികവു പുലർത്തുന്നവർക്കാണ് പ്രവേശനം നൽകുന്നത്. അതുകൊണ്ടുതന്നെ വിവിധ സ്കൂളുകളിൽ അപേക്ഷ ഫീസ് അടച്ച് എൻട്രൻസ് എഴുതിച്ചവരും ഏറെ. ഒരു സ്കൂളിൽ കിട്ടിയില്ലെങ്കിലും അടുത്ത സ്കൂളിൽ പ്രതീക്ഷയർപ്പിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അപേക്ഷ സ്വീകരിക്കുന്നത് വരുമാനമാർഗമാക്കിയ സ്കൂളുകളും ഉണ്ട്. 200 സീറ്റിലേക്കു 20,000 അപേക്ഷകൾ സ്വീകരിച്ച സ്കൂളുകളുമുണ്ട്. 250 മുതൽ 500 ദിർഹം വരെയാണ് അപേക്ഷാ ഫീസായി പലരും ഈടാക്കുന്നത്.
നാട്ടിൽനിന്ന് മക്കളെ ആദ്യമായി കൊണ്ടുവരുന്നവർ സ്കൂൾ അഡ്മിഷൻ സമയത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തതും വിനയാകുന്നു. കഴിഞ്ഞ ദിവസം സ്കൂളുകളെ സമീപിച്ച പലർക്കും അഡ്മിഷൻ തീർന്നുവെന്ന മറുപടിയാണ് ലഭിച്ചത്. പ്രമുഖരുടെ ശുപാർശ ഉണ്ടെങ്കിലും സീറ്റില്ലാതെ എന്തു ചെയ്യുമെന്നാണ് സ്കൂൾ അധികൃതർ ചോദിക്കുന്നത്. ഇത്തരക്കാരെ കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെടുത്തുകയാണ് പതിവ്. ഭാവിയിൽ വരുന്ന ഒഴിവുകളിൽ ഇവരെ പരിഗണിക്കും. ഇതിനും ഉറപ്പ് നൽകാനാവില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. 2024 മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് കുടുംബത്തെ കൊണ്ടുവരാൻ ആലോചിക്കുന്നവരും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടിവരും.
അടുത്ത അധ്യയന വർഷത്തേക്കു സീറ്റ് ഉറപ്പിക്കാനായി മക്കളെ നാട്ടിൽനിന്ന് യുഎഇയിൽ എത്തിച്ച് പ്രവേശന പരീക്ഷയ്ക്ക് ഹാജരാക്കിയവരുമുണ്ട്. ഒരു കുടുംബത്തിലെ സഹോദരങ്ങളിൽ ചിലർക്ക് സീറ്റ് ലഭിക്കുകയും ചിലർക്ക് ലഭിക്കാതെ വരികയും ചെയ്തതും ധർമസങ്കടത്തിലാക്കി. പ്രവേശന പരീക്ഷ വിജയിക്കാതെ അഡ്മിഷൻ നൽകാനാവില്ലെന്ന് സ്കൂളുകളും നിലപാട് എടുത്തതോടെ മടങ്ങിപ്പോകുകയായിരുന്നു മലയാളി കുടുംബം. വൻതുകയ്ക്ക് വിമാന ടിക്കറ്റെടുത്ത് ടെസ്റ്റ് എഴുതാൻ വന്നവർക്കാണ് നിരാശരായി മടങ്ങേണ്ടിവന്നത്. ഡിജിറ്റൽ യുഗത്തിൽ പ്രവേശന പരീക്ഷ ഓൺലൈൻ ആക്കിയിരുന്നെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകില്ലായിരുന്നുവെന്നും ഇവർ സൂചിപ്പിച്ചു.
ശ്രദ്ധിക്കൂ
നാട്ടിൽ പഠിക്കുന്ന മക്കളെ യുഎഇയിലെ സ്കൂളിൽ ചേർക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 2 കാര്യങ്ങൾ ശ്രദ്ധിക്കണം. ഒക്ടോബറിൽ അതാതു സ്കൂളുകളിൽ ഓൺലൈൻ അപേക്ഷ നൽകണം. മതിയായ പരിശീലനം നൽകി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രവേശന പരീക്ഷയ്ക്ക് ഹാജരാക്കാവൂ.