സൗദിയിൽ ഇന്ത്യക്കാരൻറെ വധശിക്ഷ നടപ്പാക്കി

Advertisement

ദമാം:സൗദിയിൽ കൊലകേസ് പ്രതിയായ ഇന്ത്യക്കാരനെ കിഴക്കൻ പ്രവിശ്യയിൽ വധ ശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരനെയാണ് മുഹമ്മദ് ഹസൻ അലി എന്ന യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധേയനാക്കിയത്.

രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതി യെമൻ പൗരനെ കത്തി കൊണ്ട് കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു. സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ച ശേഷം കേസ് കോടതിക്ക് കൈമാറി. കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവയ്ക്കുകയുമായിരുന്നു.