കെയറർ ജോലിയിലുള്ളവർക്ക് ഇനി ആശ്രിത വിസയില്ല, ഫാമിലി വിസയ്ക്ക് ശമ്പളപരിധി കൂട്ടി

Advertisement

ലണ്ടൻ: കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കർക്കശമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ
ഇന്ത്യയിൽ നിന്നടക്കം കെയറർ ജോലിക്കെത്തുന്നവർക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി.

രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങൾ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചു. വിദേശികൾക്ക് ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നതാണ് ഇതിലെ നിർദേശങ്ങൾ എല്ലാം.

കെയറർ ജോലിക്കെത്തുന്നവർക്ക് ഇനി മുതൽ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ യുകെയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി വർദ്ധിപ്പിച്ചു. ഫാമിലി വിസ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. നിലവിൽ അവർക്ക് 18,600 പൗണ്ടാണ് വേണ്ടിയിരുന്നത്. പുതിയ തീരുമാനങ്ങളും ഒപ്പം വിദ്യാർത്ഥികളുടെ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും കൂടിയാവുമ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് അടുത്ത വർഷങ്ങളിൽ യുകെയിൽ എത്തുന്നവരുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തോളം പേരുടെ കുറവ് വരുമെന്ന് ഹോം സെക്രട്ടറി അവകാശപ്പെട്ടു. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും.

വിദേശ രാജ്യങ്ങളിൽ നിന്നെത്തി യുകെയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ആശ്രിതരുടെ കാര്യത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഗവേഷണ സ്വഭാവമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠനം നടത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മാത്രമേ കുടുംബാംഗങ്ങളെക്കൂടി യുകെയിലേക്ക് കൊണ്ടുവരാൻ വിസ ലഭിക്കൂ. നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിലെ വിദേശികളിൽ വിദഗ്ധ തൊഴിലുകൾ ചെയ്യുന്നവരിലും, മെഡിക്കൽ പ്രൊഫഷണലുകളിലും വിദ്യാർത്ഥികളിലുമെല്ലാം ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നതും ഇന്ത്യക്കാരെ തന്നെയായിരിക്കും.

Advertisement