സൌദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങൾ ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയാണ്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പെരുന്നാള്‍ നിസ്കാരം നടന്നു. ലക്ഷക്കണക്കിനു വിശ്വാസികളാണ് പെരുന്നാള്‍ പ്രാര്‍ഥനകളില്‍ പങ്കെടുത്തത്.
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പെരുന്നാള്‍ നിസ്കാരത്തിനെത്തിയത് ദശലക്ഷക്കണക്കിന് വിശ്വാസികളാണ്. ഇന്നലെ രാത്രിയോടെ തന്നെ ഹറം പള്ളികളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നാനാ ദിക്കുകളില്‍ നിന്നുള്ളവരുടെ ഒഴുക്ക് കാരണം ഹറം പള്ളികളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ റോഡുകളിലും മറ്റും നിന്നുകൊണ്ടാണ് പലരും പ്രാര്‍ഥനയില്‍ പങ്കാളികളായത്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് സാലിഹ് അല്‍ഹുമൈദ് നേതൃത്വം നല്കി.
മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് അഹമദ് ബിന്‍ അലി അല്‍ ഹുദൈഫി നേതൃത്വം നല്കി. സൌദിയിലെ മറ്റ് ഭാഗങ്ങളിലുള്ള പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്കാരം നടന്നു. മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. പുതുവസ്ത്രമണിഞ്ഞു പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ച് പെരുന്നാള്‍ വിഭവങ്ങള്‍ കഴിച്ച് സ്വദേശികളും വിദേശികളും മറ്റ് ആഘോഷ പരിപാടികളിലേക്ക് കടക്കുകയാണ്. സൌദിയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന വിവിധയിനം ആഘോഷ പരിപാടികളാണ് ഔദ്യോഗികതലത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.