കോഴിക്കോട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹിമിന്റെ മോചനത്തിന് ആവശ്യമായ 34കോടിയും സമാഹരിച്ചു. ഓഡിറ്റിംഗ് പൂർത്തിയാക്കി ആകെ ലഭിച്ച തുക നിയമ സഹായ നിധി തിട്ടപ്പെടുത്തി. 18 വർഷത്തിന് ശേഷം മകനെ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഉമ്മ ഫാത്തിമ പറഞ്ഞു.
സുമനസ്സുള്ള ലക്ഷക്കണക്കിനാളുകൾ കൈകോർത്തു. അസാധ്യം എന്ന് കരുതിയ 34 കോടി രൂപ ദിവസങ്ങൾക്കകം അബ്ദുൽ റഹീമിനായി സമാഹരിച്ചു. മൂന്നുദിവസം ബാക്കി നിൽക്കെയാണ് ബ്ലഡ് മണി ലഭിച്ചത്. പെരുന്നാൾ ദിനത്തിൽ നിറഞ്ഞ് തുളുമ്പിയ ഉമ്മയുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയും വിടർന്നു.
അബ്ദുറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജനകീയ സമിതി രക്ഷാധികാരി ആലുങ്കൽ മുഹമ്മദ് പറഞ്ഞു.
ലഭിച്ച പണം ഉടൻ എംബസി മുഖേന സൗദിയിൽ എത്തിക്കും. തുടർന്നാകും തുക പ്രതിഭാഗത്തിന് കൈമാറുക. ഒരു മാസത്തിനകം ജയിൽ മോചിതനായ ശേഷം അബ്ദുറഹീമിന് നാട്ടിലെത്താൻ കഴിയും എന്നാണ് വിലയിരുത്തൽ .