അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ പുതിയ കടമ്പ

Advertisement

റിയാദ്. സൌദി ജയിലില്‍ തുടരുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ കടമ്പകള്‍ ഇനിയും കടയ്ക്കേണ്ടതുണ്ട്. ഇതിനിടെ പ്രതിഫലമായ ഏഴര ലക്ഷം റിയാല്‍ ഉടന്‍ കൈമാറണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ നിയമസഹായ സമിതിയെ അറിയിച്ചു. മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പണം കൈമാറണം എന്നാണ് ആവശ്യം. എന്നാല്‍ നാട്ടിലുള്ള സഹായ സമിതിയുടെ നിസ്സഹകരണം മൂലം അഭിഭാഷകന്‍റെ പ്രതിഫലം നല്കാന്‍ സാധിക്കുന്നില്ല എന്ന് റിയാദിലെ നിയമസഹായ സമിതി പരാതിപ്പെട്ടു.

സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ദയാധനം നാട്ടില്‍ നിന്നും സൌദിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ തുക മരിച്ച സൌദി ബാലന്‍റെ കുടുംബത്തിന് കൈമാറുന്നതിന് മുമ്പ് തന്റെ പ്രതിഫലം ലഭിക്കണമെന്ന് വാദിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ദിയാധനമായ 15 മില്യണ്‍ റിയാലിന്‍റെ 5 ശതമാനം ഏഴര ലക്ഷം റിയാല്‍ അഥവാ ഒരുകോടി 66 ലക്ഷത്തിലേറെ രൂപയാണ് അഭിഭാഷകന് കൊടുക്കേണ്ടത്. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്നു അഭിഭാഷകന്‍ അറിയിച്ചതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ 34 കോടി രൂപയ്ക്ക് പുറമെ അഭിഭാഷകന്‍റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൌദിയിലേക്ക് അയക്കണം എന്നാണ് നിയമസഹായ സമിതിയുടെ ആവശ്യം. എന്നാല്‍ പണം ഉണ്ടായിട്ടും നാട്ടില്‍ രൂപീകരിച്ച സഹായസമിതി ഇതിന് തയ്യാറാകുന്നില്ല എന്നാണ് പരാതി.

അഭിഭാഷകന്‍റെ പ്രതിഫലം നല്‍കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ റഹീമിന്‍റെ മോചനം വൈകുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. അതേസമയം 34 കോടിരൂപ ഉടന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടിലേക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്. തുടര്‍ന്നു സൌദിയിലെ ഇന്ത്യന്‍ എംബസി മരിച്ച സൌദി ബാലന്‍റെ കുടുംബത്തിന് കൈമാറും. അബ്ദുറഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്‍റെ സാന്നിധ്യത്തില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവെച്ച ശേഷമായിരിക്കും പണം കൈമാറുക. ഈ ഉടമ്പടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മോചനദ്രവ്യം നല്കാന്‍ തയ്യാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്.

Advertisement