കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൌദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. കരിപ്പൂരില്‍ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീര്‍ഥാടകരാണ് ആദ്യ ദിവസം സൌദിയില്‍ എത്തിയത്.
166 തീര്‍ഥാടകരുമായി കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ വിമാനത്താവളത്തില്‍ എത്തി. പെട്ടെന്നു തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ ബസ് മാര്‍ഗം മക്കയിലേക്ക് പോയി. മക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍ പൂക്കളും മധുരവും നല്കി തീര്‍ഥാടകരെ സ്വീകരിച്ചു. മലയാളീ സന്നദ്ധ സംഘടനകള്‍ പാട്ടുപാടിയും വെല്‍ക്കം കിറ്റുകള്‍ വിതരണം ചെയ്തും തീര്‍ഥാടകരെ സ്വീകരിച്ചു. ഏറെനാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.
കെ.എം.സി.സി, ഐ.സി.എഫ്-ആര്‍.എസ്.സി, ഓ.ഐ.സി.സി, വിഖായ, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധസംഘടനകള്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരുമായി മക്കയില്‍ സേവന രംഗത്തുണ്ട്. 3 വിമാനങ്ങളിലായി 498 തീര്‍ഥാടകരാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും മക്കയില്‍ എത്തിയത്.