സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്‍റെ മോചനത്തിനുള്ള 34 കോടി രൂപ സൌദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി

Advertisement

ന്യൂഡെല്‍ഹി. സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്‍റെ മോചനദ്രവ്യമായ 34 കോടി രൂപ സൌദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഈ തുകയ്ക്കുള്ള ചെക്ക് ഇന്ത്യന്‍ എംബസി റിയാദിലെ ഗവര്‍ണറേറ്റിന് കൈമാറും. മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനി വേഗത്തിലാകും എന്നാണ് പ്രതീക്ഷ.
അബ്ദുറഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നീക്കമാണ് ഇന്ന് നടന്നത്. മരിച്ച സൌദി പൌരന്‍റെ കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാല്‍, അതായത് 34 കോടി രൂപ സൌദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. എംബസി നിര്‍ദേശിച്ചത് പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടിലേക്ക് ആണ് ഈ പണം നല്‍കിയതെന്ന് റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. ഇന്ത്യന്‍ എംബസി ഇനി ഈ തുകയ്ക്കുള്ള സര്‍ട്ടിഫൈഡ് ചെക്ക് റിയാദിലെ ഗവര്‍ണറേറ്റിന് നല്കും. ശേഷം വാദിഭാഗവും പ്രതിഭാഗവും ഗവര്‍ണറേറ്റില്‍ വെച്ച് അനുരഞ്ജന കരാറില്‍ ഒപ്പുവെയ്ക്കും. ഒപ്പുവെയ്ക്കുന്ന ഈ കരാറും, അനുബന്ധ രേഖകളും ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറും. രേഖകള്‍ പരിശോധിച്ച ശേഷം കോടതി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്ക് കടക്കും. വധശിക്ഷ റദ്ദ് ചെയ്യുക, അബ്ദുറഹീമിനെ ജയില്‍ മോചിതനാക്കി നാട്ടിലേക്കു പറഞ്ഞയക്കുക എന്നിവയാണ് ഇനി പ്രധാനമായും തുടര്‍ന്നുള്ള നീക്കങ്ങള്‍. ഒരു മാസത്തിനുള്ളില്‍ തന്നെ അബ്ദുറഹീമിനെ മോചിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ

Advertisement