റിയാദ്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന് മാപ്പ് ലഭിക്കാനുള്ള ദയാധനം 15 മില്യണ്‍ റിയാലിന്‍റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. വൈകാതെ അബ്ദുറഹീമിന്‍റെ മോചനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അബ്ദുറഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് ഇന്ന് നടന്നത്. അബുറഹീമിന് മാപ്പ് നല്കാന്‍ മരിച്ച സൌദി കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാലിന്‍റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി. ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരിലാണ് സൌദിയിലെ ഇന്ത്യന്‍ എംബസി ചെക്ക് ഇഷ്യൂ ചെയ്തത്. ഇതിന് പുറമെ അബ്ദുറഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട അനുരഞ്ജന കരാറില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവെച്ചു. ഇരു വിഭാഗങ്ങളുടെയും അഭിഭാഷകരാണ് ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണെന്ന് സൌദി കുടുംബം ഔദ്യോഗികമായി സമ്മതം അറിയിച്ചു. ഇനി ഗവര്‍ണറേറ്റ് ഈ രേഖകള്‍ കോടതിക്ക് കൈമാറും. രേഖകള്‍ പരിശോധിച്ച് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കി മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്ക് കടക്കും. ഏറെ വൈകാതെ അബ്ദുറഹീമിന്‍റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ