ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും

Advertisement

റിയാദ്. ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും. 15-നു ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ബലിപെരുന്നാള്‍. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ സൌദി സുപ്രീം കോടതിയാണ് പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ ജൂണ്‍ 17-നായിരിക്കും ബലി പെരുന്നാള്‍.

സൌദിയില്‍ ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. ജൂണ്‍ 15 ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ഞായറാഴ്ച ബലിപെരുന്നാള്‍. തുടര്‍ന്നുള്ള 3 ദിവസം കൂടി ഹജ്ജ് കര്‍മങ്ങള്‍ ഉണ്ടാകും. ജൂണ്‍ 19 ബുധനാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൌദിക്ക് പുറമെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും അറബ് ഇസ്ളാമിക രാജ്യങ്ങളും ജൂണ്‍ 16-നു തന്നെ ബലിപെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ജൂണ്‍ 17-നു ആയിരിയ്ക്കും ബലിപെരുന്നാള്‍ ആഘോഷിക്കുക. സൌദി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കാന്‍ സൌകര്യം ചെയ്തിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നും ഇതുവരെ ഒന്നേക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,15,000-ത്തോളം തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്‍ഥാകരും മദീനയിലാണ്. ഇവര്‍ ഹജ്ജിനുള്ള ഇഹ്റാം ചെയ്ത് അടുത്തയാഴ്ച മക്കയില്‍ തിരിച്ചെത്തും.

Advertisement