അറഫാ സംഗമം കഴിഞ്ഞു ,മിനായിലെ ജംറകളില്‍ നാളെ കല്ലേറ് കര്‍മം

Advertisement

മിനാ.അറഫാ സംഗമം കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ അടുത്ത കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളില്‍ നാളെ കല്ലേറ് കര്‍മം ആരംഭിക്കും.

ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചു. ഒരേ വേഷവും മന്ത്രധ്വനികളുമായി ലോകത്തിന്‍റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ 20 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ ആരാധനകളില്‍ മുഴുകി. മാനവിക ഐക്യത്തിനും സമാധാനത്തിനും പാപമോചനത്തിനുമായി അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിച്ചു. കനത്ത ചൂടിനെ വകവെയ്ക്കാതെ ഹാജിമാരില്‍ പലരും ചരിത്രപ്രസിദ്ധമായ ജബല് റഹ്മാ മല കയറി. നമീറാ പള്ളിയില്‍ നടന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിര്‍ അല്‍ മുഐഖിലി നേതൃത്വം നല്കി. അറഫാ സംഗമത്തില്‍ പങ്കെടുത്തവര്‍ നവജാത ശിശുവിനെ പോലെ പാപമുക്തരാണെന്നാണ് വിശ്വാസം. അതുകൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായാണ് തീര്‍ഥാടകര്‍ മടങ്ങിയത്.

സൂര്യന്‍ അസ്തമിച്ചതോടെ തീര്‍ഥാടകര്‍ അടുത്ത കര്‍മത്തിനായി മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. മുസ്ദലിഫയില്‍ ടെന്‍റ് സൌകര്യമില്ല. തുറന്ന മൈതാനത്താണ് ഇന്ന് രാത്രി ഹാജിമാര്‍ കഴിയുന്നത്. മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇനിയുള്ള 4 ദിവസം എറിയാനായി 70 കല്ലുകള്‍ വരെ ശേഖരിക്കും. നാളെ രാവിലെ മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. 3 ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് നാളെ കല്ലെറിയുക. ബലിപെരുന്നാള്‍ ദിവസമായ നാളെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ളത്. കല്ലേറ് കര്‍മത്തിന് പുറമെ, മുടിയെടുക്കുക, ബലി നല്‍കുക, വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക തുടങ്ങിയവ നാളെ നിര്‍വഹിക്കും. ഇഹ്റാം വസ്ത്രങ്ങള്‍ മാറ്റി ഹാജിമാര്‍ സാധാരണ വസ്ത്രത്തിലേക്ക് മാറുകയും ചെയ്യും