യുഎഇയിൽ സന്ദർശക വീസയിലെത്തി ചതിയിൽപ്പെട്ട് ‘കുടുങ്ങി’യവർക്ക് മലയാളികളുടെ ഓണസദ്യ

Advertisement

ഷാർജ: ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമെല്ലാം വന്നുപോകുമ്പോൾ ഇതിലൊന്നും സന്തോഷിക്കാനാകാതെ സ്വയം ശപിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട് യുഎഇയിൽ, സന്ദർശക വീസയിലെത്തി ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് പ്രതിസന്ധിയിലായ കുറേയേറെ യുവതീയുവാക്കൾ. ഇവർക്ക് ഓണസദ്യ വിളമ്പിയിരിക്കുകയാണ് ഒരുകൂട്ടം മലയാളി സാമൂഹികപ്രവർത്തകർ. സദ്യയുണ്ടവരിൽ മലയാളികളാണ് ഭൂരിഭാഗമെങ്കിലും പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരുമുണ്ട്.

ഷാർജ റോളയിലാണ് ഇവർക്ക് ഇഫ്‌താർ ഫോഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ നൽകിയത്. ഇവർക്ക് അവരുടെ താമസ സ്ഥലത്ത് പാർസലായി സദ്യ എത്തിച്ചുകൊടുക്കുകയായിരുന്നു. ദുബായിലെ ക്ലാസിക് ഫാമിലി റസ്റ്ററന്റ്, രുചിക്കൂട്ട് റസ്റ്ററന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സദ്യ ഒരുക്കിയതെന്ന് സംഘാടകരിലൊരാളായ യാസിർ ഹമീദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. അബ്ദുല്ല കമൻപാലം, ഷാഫി ചെർക്കള, ആർദ്ര പവിത്രൻ, സാഗർ എന്നിവരാണ് നേതൃത്വനിരയിലെ മറ്റു സാമൂഹിക പ്രവർത്തകർ.

സന്ദർശക വീസാ ചതിയിൽപ്പെട്ട് ഷാർജയിലെ റോളയിൽ കഴിയുന്നവർ ഇന്ന് സ്ഥിരം കാഴ്ചയായിരിക്കുന്നു. ഏജന്‍സിക്ക് വൻതുക നൽകി എംപ്ലോയ്മെൻ്റ് വീസ എന്ന് തെറ്റിദ്ധരിച്ച് സന്ദർശക വീസയിൽ ഇവിടെയെത്തി ഇന്നോ നാളെയോ ഏജൻസി ജോലി ശരിയാക്കിത്തരുമെന്ന് കാത്തിരിക്കുന്ന യുവതീയുവാക്കൾ. ഇവരെ റോളയിലെ കെട്ടിടങ്ങളിലെ ചെറിയ മുറികളിൽ കുത്തിത്തിരുകി താമസിപ്പിക്കുന്നു.

കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെ, വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പോലും സാധിക്കാതെ നരകയാതന അനുഭവിക്കുന്ന ഇത്തരക്കാരുടെ വാർത്ത നേരത്തെ പലപ്രാവശ്യം പുറത്ത് വന്നിരുന്നു. ഏജൻസിക്ക് നൽകിയ പണം ബാങ്ക് വായ്പയെടുത്തും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം കടം വാങ്ങിയും നൽകിയായതിനാൽ തിരിച്ചുപോകാനും ഇവർക്ക് കഴിയുന്നില്ല. ഇവരിൽ കേരളത്തിന്‍റെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ യുവതികളുമുണ്ട്. പലരുടെയും വീസാ കാലാവധിയും കഴിഞ്ഞിരിക്കുന്നു.

മലയാളികൾക്ക് ഓണവും ഓണസദ്യയും ഗൃഹാതുരത്വമുണർത്തുന്ന കാര്യങ്ങളായതിനാൽ സ്ഥിരമായി കാണുന്ന നൂറോളം പേർക്ക് ഓണസദ്യ വിളമ്പാൻ തീരുമാനിക്കുകയായിരുന്നു ഇഫ്‌താർ ഫോഴ്സ്. ഈ സംഘടന നേരത്തെ ഇത്തരത്തിൽ റമസാൻ കിറ്റുകളും വിതരണം ചെയ്തിരുന്നു. വരുംകാലങ്ങളിൽ വിഷുസദ്യയും ക്രിസ്മസ് വിരുന്നുമൊരുക്കാനാണ് തീരുമാനമെന്ന് യാസിർ ഹമീദ് പറഞ്ഞു.

∙ സന്ദർശക വീസക്കാരുടെ കദനകഥകൾ
ഒരു വർഷത്തോളമായി നാട്ടിൽ നിന്ന് വന്നിട്ട്. ജോലി തരാമെന്ന് പറഞ്ഞുകൊണ്ടുവന്ന് ഏജൻസി ചതിച്ചതാണ്. റോളയിലെ മുറിയിലാണ് താമസം. ഇവിടെ രണ്ട് മുറികളിലായി ഞാനടക്കം ഇരുപതോളം പേരുണ്ട്. രണ്ടു പ്രാവശ്യം വിസിറ്റ് വീസ കാലാവധി നീട്ടി. ഇപ്പോൾ അതിന്‍റെയും കാലപരിധി കഴിഞ്ഞ് വൻതുക പിഴയായിരിക്കുന്നു.

ഇതിനിടയിൽ റമസാനും വിഷുമൊക്കെ കടന്നുപോയെങ്കിലും എല്ലാ ദിവസവും അരപ്പട്ടിണിയായിരുന്നു. ചുറ്റുവട്ടത്തുള്ളവർ ആഘോഷിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെയെല്ലാം കണ്ണുനിറയുമായിരുന്നു. പൊതുമാപ്പിലൂടെ തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്. ഇതിനിടെ ഇത്തരത്തിൽ ഓണസദ്യയുണ്ണാന്‍ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മറ്റാരേക്കാളും രുചിയോടെ ഇപ്രാവശ്യം ഓണസദ്യയുണ്ടത് എന്നെപ്പോലുള്ള ചതിയിൽപ്പെട്ട് കഴിയുന്നവർ തന്നെയായിരിക്കും. സദ്യവിളമ്പിയവർക്ക് ഏറെ നന്ദി – പത്തനംതിട്ട പന്തളം സ്വദേശി രവീഷ് കുമാർ പറഞ്ഞു. കൊല്ലം സ്വദേശി ഐസക്കിനും തൃശൂർ സ്വദേശി റിസാനും ആദർശിനും ഇതുതന്നെയാണ് പറയാനുള്ളത്.

∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്‍റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ.

ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.