പ്രവാസികൾക്ക് സ്പെഷൽ സെമി സ്ലീപ്പർ എയർ കണ്ടീഷണർ കെഎസ്ആർടിസി ബസുകൾ; സർവീസ് ഉടൻ

Advertisement

അജ്മാൻ: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷണർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഇവിടെ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗങ്ങളിലേയ്ക്കാണ് ആദ്യ സർവീസ്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ സൗകര്യാർഥമാണ് സർവീസ്. ബാഗേജ് വയ്ക്കാൻ ബസിന് താഴെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മറ്റു വിമാനത്താവളങ്ങളിൽ നിന്നും ഈ ബസുകൾ സർവീസ് നടത്തും.

വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ സുരക്ഷിതമായും സുഖകരമായും അവരുടെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടെയുള്ള എസി സൂപ്പർ ഫാസ്റ്റ് ആരംഭിക്കുമെന്നും ഇതിനായി 40 ബസുകൾ ഒരുക്കിയിട്ടുണ്ടെന്നും ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കുമെന്നും അദ്ദേഹം അജ്മാനിൽ പറഞ്ഞു. കെയർ ചിറ്റാർ ഓണാഘോഷത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദഹം.