സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല : വിധി പറയാൻ മാറ്റി

Advertisement

റിയാദ് . സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും മാറ്റിവെച്ചു. ഡിസംബർ 12-ന് കേസ് പരിഗണിക്കും. ചില കാര്യങ്ങളില് കൂടി വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് കേസ് നീട്ടിയത് എന്നാണ് സൂചന. ഇന്ന് കേസ് പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചന ഉത്തരവ് പ്രതീക്ഷിച്ച ദിവസമായിരുന്നു ഇന്ന്. എന്നാൽ റിയാദിലെ ക്രിമിനൽ കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും വിധി പറയുന്നത് വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു. ഡിസംബർ 12 വ്യാഴാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സൌദി സമയം ഉച്ചയ്ക്ക് 12:30 നായിരിക്കും കേസ് പരിഗണിക്കുക. ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് അബ്ദുറഹീമിന്റെ അഭിഭാഷകൻ ഒസാമ പറഞ്ഞു.

അഭിഭാഷകന് പുറമെ അബ്ദുറഹീമും ഓൺലൈൻ വഴി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ഇന്ത്യന് എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരി, പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂർ, അഡ്വ. റെന തുടങ്ങിയവരും നടപടിക്രമങ്ങള്ക്ക് സാക്ഷിയാകാൻ കോടതി പരിസരത്ത് എത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് കേസ് നീട്ടി വെയ്ക്കാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷമായി സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി റദ്ദാക്കി. മോചന ദ്രവ്യമായ 15 മില്യൺ റിയാൽ കൈമാറുകയും, കൊല്ലപ്പെട്ട സൌദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ഇനി ജയിൽ മോചനത്തിനുള്ള കാത്തിരിപ്പിലാണ്.

അതിനിടെ റഹീമിന്റെ മോചനത്തിൽ ആശങ്ക ഉണ്ട് എന്ന് അബ്ദുറഹീമിന്റെ സഹോദരൻ നസീർ പ്രതികരിച്ചു. പണം വാങ്ങി സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയിട്ടും മോചനം വൈകുന്നു. എന്തുകൊണ്ട് മോചന ഉത്തരവ് വൈകുന്നു എന്ന് അന്വേഷിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റഹീം നിയമസഹായ സമിതിയും വിഷയത്തിൽ ഇടപെടണം എന്നും നസീർ അഭ്യര്‍ഥിച്ചു.