ആഢംബര ഹെലികോപ്ടറുകളുടെ രാജാവിനെ സ്വന്തമാക്കി രവി പിള്ള

Advertisement

കൊച്ചി: അത്യാധുനിക സംവിധാനങ്ങളുള്ള എയർബസ് എച്ച്‌ 145 എന്ന ഹെലികോപ്ടർ സ്വന്തമാക്കി ആർ പി ഗ്രൂപ്പ് ചെയർമാൻ ബി രവി പിള്ള.

ആഢംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്നാണ് എയർബസ് എച്ച്‌ 145 അറിയപ്പെടുന്നത്. 100 കോടിയോളം രൂപയാണ് എയർബസ് എച്ച്‌ 145 വാങ്ങാനായി രവി പിള്ള മുടക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് എയർബസ് നിർമിച്ച ഹെലികോപ്റ്റർ ഒരാൾ വാങ്ങുന്നത്. ലോകത്താകെ തന്നെ 1500 എയർബസ് എച്ച്‌ 145 ഹെലികോപ്റ്ററുകൾ മാത്രമാണ് ഉള്ളത്. ജർമനിയിലെ എയർ ബസ് കമ്പനിയിൽ നിന്ന് രവി പിള്ള നേരിട്ടാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്റർ വാങ്ങിയത്.

കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതാണ് എച്ച്‌ 145 ന്റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്ക് എയർബസ് എച്ച്‌ 145 ൽ യാത്ര ചെയ്യാൻ സാധിക്കും. കോവളം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലെ റാവിസ് ഹോട്ടലുകളെ ബന്ധിപ്പിച്ച്‌ കൊണ്ട് വിനോദസഞ്ചാരികൾക്കായി ഈ ആഡംബര ഹെലികോപ്റ്റർ സർവീസ് നടത്തും. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന തരത്തിലുള്ള ആഡംബര ടൂർ പദ്ധതികളാണ് രവി പിള്ള ലക്ഷ്യമിടുന്നത്.

കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലികോപ്ടറുകൾക്ക് ഇറങ്ങുന്നതിനാവശ്യമായ ഹെലിപാഡുകളുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി അബ്‌സോർബിങ്’ സീറ്റുകളും ഈ ഹെലികോപ്ടർ വാഗ്ദാനം ചെയ്യുന്നു. അപകടത്തിൽപ്പെട്ടാലും ഇന്ധനം ചോരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റം ഈ ഹെലികോപ്റ്ററിന്റെ പ്രത്യേകതയാണ്.
ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്‌ളേഡുള്ള എച്ച്‌ 145 കൂടിയാണ് ഈ ഹെലികോപ്ടർ. ജപ്പാനിലെ കാവസാക്കിയും ജർമനിയിലെ എം എം ബിയും ചേർന്ന് 1979 ൽ വികസിപ്പിച്ച ബി കെ 117 എന്ന ഹെലികോപ്റ്ററിനെഅടിസ്ഥാനപ്പെടുത്തിയാണ് എച്ച്‌ 145 നിർമിച്ചിരിക്കുന്നത്. എം എം ബി ഡയ്മ്ലർ ബെൻസിന്റെയും തുടർന്ന് യുറോകോപ്റ്റിന്റെയും ഭാഗമായി മാറിയതോടെയാണ് ഈ ഹെലികോപ്റ്ററിന്റെ നിർമാണ അവകാശം എയർബസിന് ലഭിച്ചത്. 1999 ലാണ് ഇസി 145 എന്ന എച്ച്‌ 145 ആദ്യമായി നിർമിക്കുന്നത്. 2002 ൽ ഹെലികോപ്റ്റർ ആദ്യമായി പുറത്തിറക്കി. എയർബസിന്റെ ഹെലികോപ്റ്റർ ഡിവിഷനായ യൂറോകോപ്റ്ററിന്റെ പേര് എയർബസ് ഹെലികോപ്റ്ററർ എന്നാക്കി മാറ്റിയപ്പോഴാണ് ഹെലികോപ്ടറിന്റെ പേര് എച്ച്‌ 145 എന്നായത്.

ബി കെ 117, ഇ സി 145, എച്ച്‌ 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോപ്റ്ററുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 785 കിലോവാട്ട് വരെ കരുത്ത് നൽകുന്ന രണ്ട് സഫ്രാൻ എച്ച്‌ ഇ എരിയൽ 2 സി 2 ടർബോ ഷാഫ്റ്റ് എൻജിനുകളാണ് ഈ അത്യാധുനിക ഹെലികോപ്റ്ററിൽ ഉള്ളത്. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ വരെ ഈ ഹെലികോപ്ടറിന് സഞ്ചരിക്കാനാകും. 814 കിലോമീറ്ററാണ് (440 നോട്ടിക്കൽ മൈൽ) റേഞ്ച്. 3 മണിക്കൂർ 35 മിനിറ്റ് സമയം വരെ നിർത്താതെ പറക്കാനാകും. ഇതേ ഹെലികോപ്ടറിന്റെ മറ്റ് മോഡലുകൾക്ക് 8 പേർക്ക് സഞ്ചരിക്കാവുന്ന കോൺഫിഗറേഷനും 10 സീറ്റ് കോൺഫിഗറേഷനുമുണ്ട്.
വിവിധ രാജ്യങ്ങളിൽ എയർ ആംബുലൻസായും പൊലീസ് ഹെലികോപ്റ്ററായും എച്ച്‌ 145 ഉപയോഗിക്കുന്നുണ്ട്. യു എസ്, യു കെ, ഫ്രാൻസ്, ജർമനി, ഹംഗറി, കസാഖിസ്ഥാൻ, സെർബിയ, ഇക്വഡോർ, ബൊളീവിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾ സൈനിക ആവശ്യത്തിനും എച്ച്‌ 145 ഉപയോഗിക്കുന്നുണ്ട്.