കൊച്ചി: പ്രവാസി ഇന്ത്യക്കാർക്ക് അതിവേഗം അക്കൗണ്ട് തുറക്കാനും മറ്റു ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനും അവസരമൊരുക്കിക്കൊണ്ട് യുഎഇയിലെ പ്രമുഖ ഡിജിറ്റൽ ബാങ്കായ മശ്രിഖ് നിയോ ഫെഡറൽ ബാങ്കുമായി ധാരണയിലെത്തി.
മശ്രിഖ് നിയോയുടെ ഇന്ത്യൻ ഇടപാടുകാർക്ക് നിയോ ആപ്പിലൂടെ ഇനി ഫെഡറൽ ബാങ്കിൽ ഉടനടി പ്രവാസി അക്കൗണ്ട് തുറക്കാൻ സാധിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ അതിവേഗ ബാങ്കിങ് ആണ് ഈ രണ്ട് പ്രമുഖ ബാങ്കുകളുടെ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനു മാത്രമല്ല, ഫെഡറൽ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനും ഉടനടി നാട്ടിലേക്ക് പണം അയക്കുന്നതിനുമുള്ള സൗകര്യവും മശ്രിഖ് നിയോ ആപ്പിലൂടെ ലഭ്യമാവുന്നതാണ്.
‘യുഎഇയിലെ 30 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരിൽ നല്ലൊരു പങ്കും മശ്രിഖ് നിയോ ഉപഭോക്താക്കളാണ്. ഫെഡറൽ ബാങ്കുമായുള്ള പുതിയ സഹകരണത്തിലൂടെ പ്രവാസി ഇന്ത്യക്കാരായ ഞങ്ങളുടെ ഇടപാടുകാർക്ക് നവീന സേവനങ്ങൾ ലഭ്യക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഭാവിയിൽ കൂടുതൽ ഉപഭോക്തൃ സൗഹൃദസേവനങ്ങൾ ലഭ്യമാക്കുന്നതിന് ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിതരാക്കുന്നു’- മശ്രിഖ് റീട്ടെയ്ൽ ബാങ്കിങ് ഗ്രൂപ്പ് ഹെഡ് ഫെർനാൻഡോ മൊറിയോ പറഞ്ഞു.
യുഎഇയിലെ മുൻനിര ബാങ്കായ മശ്രിഖുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാർക്ക് മികച്ച ബാങ്കിങ് സേവനം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ റെമിറ്റൻസ്, ബാങ്കിടപാടുകളിൽ ഫെഡറൽ ബാങ്കിന് വലിയ വിപണി വിഹിതമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ, ഫെഡറൽ ബാങ്കിൻറെ സേവനസൗകര്യങ്ങളെല്ലാം ഇനി മശ് രിഖ് നിയോ ഇടപാടുകാർക്കു കൂടി ലഭ്യമാവുന്നതാണ്.