അബുദാബി: പ്രവാസി മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികളുടെ ഭാഗ്യം. ഇന്നലെ നടന്ന ഡ്രീം 12 മില്യണ്‍ സീരീസ് 239 റാഫിളിലാണ് അജ്മാനില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാര്‍ക്കും കോടികള്‍ സമ്മാനമായി ലഭിച്ചത്.
മുജീബും പത്ത് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത 229710 ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
കഴിഞ്ഞ മാസം 22നാണ് പത്തു പേരടങ്ങുന്ന സംഘം ടിക്കറ്റെടുത്തത്. രണ്ടു വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ് ഇവരില്‍ പലരും. മലയാളികളും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും അടങ്ങുന്നതാണ് സംഘം. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം ഏവര്‍ക്കും അവശ്വസനീയമായിരുന്നു. സമ്മാനത്തുക പത്തു പേരും പങ്കിട്ടെടുക്കും.
1996ല്‍ സൗദി അറേബ്യയിലാണ് മുജീബ് പ്രവാസജീവിതം ആരംഭിക്കുന്നത്. 2006 ലാണ് യുഎഇയിലെ അല്‍ നഖ കുടിവെള്ള കമ്ബനിയില്‍ ടാങ്കര്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. മാതാവും ഭാര്യയും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. വീടുവെച്ച ബാധ്യതകള്‍ തീര്‍ക്കാനാവുമെന്ന സന്തോഷത്തിലാണ് മുജീബ്. പുണ്യമാസത്തിലെ മാതാവിന്റെയും കുടുംബത്തിന്റെയും പ്രര്‍ത്ഥനയാണ് ഈ സമ്മാനമെന്ന് മുജീബ് പറയുന്നു
ഈ നറുക്കെടുപ്പില്‍ മറ്റു രണ്ട് മലയാളികള്‍ക്ക് കൂടി സമ്മാനം ലഭിച്ചിട്ടുണ്ട്. ദുബായില്‍ താമസിക്കുന്ന വിശ്വനാഥന് സുബ്രഹ്മണ്യനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം 072051 ടിക്കറ്റിന് ലഭിച്ചത്. റാസല്‍ഖൈമയിലെ ജയപ്രകാശിന് മൂന്നാം സമ്മാനത്തുകയായ 1 ലക്ഷം ദിര്‍ഹവും 077562 ടിക്കറ്റിന് സമ്മാനമായി ലഭിച്ചു.