ദുബൈ : യുഎഇയിലെ പകുതിയോളം കമ്പനികളും ഈ വർഷം ശമ്പള വർദ്ധനവിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് . പണപ്പെരുപ്പവും തൊഴിൽ വിപണിയിലെ മത്സരവും ഉൾപ്പെടെയുള്ള കാരണങ്ങൾ കണക്കിലെടുത്ത് ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകാനായി കമ്പനികളുടെ വാർഷിക ബജറ്റിൽ ആവശ്യമായ ക്രമീകരണങ്ങൾ പല സ്ഥാപനങ്ങളും ഇതിനോടകം തന്നെ വരുത്തിക്കഴിഞ്ഞുവെന്നും പ്രൊഫഷണൽ സർവീസസ് സ്ഥാപനമായ എയോൺ നടത്തിയ സർവേയുടെ ഫലത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത് .
യുഎഇയിലെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന 150 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സർവേയുടെ ഫലമാണ് കമ്പനി പ്രസിദ്ധീകരിച്ചിരിക്കുന്നത് . ജൂൺ മാസത്തിലെ ആദ്യ രണ്ടാഴ്ചയായിരുന്നു രാജ്യത്തെ കമ്പനികളിൽ നിന്ന് വിവര ശേഖരണം നടത്തിയത് . സർവേയിൽ പങ്കെടുത്ത 49 ശതമാനം കമ്പനികളും ഇത്തവണ ശമ്പള വർദ്ധനവ് കൊണ്ടുവരാൻ തങ്ങളുടെ വാർഷിക ബജറ്റിൽ പണം നീക്കിവെച്ചിട്ടുണ്ട്.