മനാമ: ബഹ്റൈനിൽ വിനോദ സഞ്ചാരമേഖല കരകയറുന്നു. നിയന്ത്രണങ്ങൾ ഇല്ലാതായതോടെ ബഹ്റൈനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർധന.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 98.4 ശതമാനം വർധനയുണ്ടായി.ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 17 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കേവലം1.52 ലക്ഷം സന്ദർശകരെത്തിയ സ്ഥാനത്താണ് ഈ വളർച്ച.
വിനോദ സഞ്ചാരത്തിൽനിന്നുള്ള വരുമാനത്തിലും വൻ കുതിച്ചുകയറ്റമാണുണ്ടായത്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യപാദത്തിൽ ടൂറിസം വരുമാനത്തിൽ 875 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ വർഷത്തെ മൂന്ന് കോടി ദീനാറിൽനിന്ന് ടൂറിസം വരുമാനം 29.2 കോടി ദീനാറായാണ് വർധിച്ചത്.