ഇടുക്കി.മൂന്നാർ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും തീവ്രവാദസംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് മാറ്റിയത്. മേയ് 15-നാണ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും രഹസ്യവിവരങ്ങൾ തീവ്രവാദസംഘടനകൾക്ക് ചോർത്തി നൽകിയെന്ന ആരോപണം പുറത്തുവന്നത്.
സംഭവം അന്വേഷിക്കാൻ മൂന്നാർ ഡിവൈ.എസ്.പി. കെ.ആർ. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പോലീസുകാരുടെയും മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു. എന്നാൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് മഹല്ല് കമ്മറ്റിയുടേതാണെന്നും, ഗ്രൂപ്പിൽ 9 പേലീസുകാരടക്കം 24 സർക്കാർ ഉദ്യോഗസ്ഥരും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുമുണ്ടെന്നാണ് പൊലിസുകാരുടെ വിശദീകരണം. പ്രാഥമിക നടപടിയെന്ന നിലയിലാണ് പൊലിസുകാരുടെ ഇപ്പോഴത്തെ സ്ഥലംമാറ്റം.