മൂന്നാര്‍: സ്വര്‍ണം വാങ്ങാനെത്തിയ പ്രൗഡയായ വീട്ടമ്മ ജൂവലറിയില്‍നിന്ന് 2 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങളുമായി മുങ്ങി, സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി പിടിയില്‍.
കോയമ്ബത്തൂര്‍ റായപുരം സ്വദേശിനി രഹാന ഹുസൈന്‍ ഫറൂക്ക് (47) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത് .
കഴിഞ്ഞ 16-നായിരുന്നു സംഭവം നടന്നത്.
മൂന്നാര്‍ ജി.എച്ച്. റോഡിലെ ആഭരണശാലയില്‍ രാവിലെ 10.20നാണ് രഹാന എത്തിയത്. കോയമ്ബത്തൂര്‍ സ്വദേശിയാണെന്നും പേര് രേഷ്മയെന്നാണെന്നും മലേഷ്യയിലാണ് ജോലിയെന്നും പരിചയപ്പെടുത്തി 3 ജോടി കമ്മലും ഒരു ബ്രേസ്ലെറ്റും ഒരു ലോക്കറ്റും വാങ്ങുകയും അതിന്റെ വിലയായ 77,500 രൂപ അപ്പോള്‍ത്തന്നെ നല്‍കുകയും ചെയ്തു. അതിനുശേഷം 36 ഗ്രാം തൂക്കമുള്ള രണ്ട് മാലകള്‍ എടുത്ത് പരിശോധിക്കുകയും വില ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് അതിന് 9,000 രൂപ അഡ്വാന്‍സ് നല്‍കി. ഭര്‍ത്താവും മക്കളും ഹോട്ടല്‍ മുറിയിലാണെന്നും വൈകിട്ട് 5നു ഭര്‍ത്താവിനൊപ്പം വന്നു ബാക്കി തുക നല്‍കി വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ് ഇവര്‍ പോവുകയായിരുന്നു. എന്നാല്‍, വൈകിട്ട് യുവതി എത്തിയില്ല.
കട അടയ്ക്കുന്ന സമയത്ത് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 36 ഗ്രാം തൂക്കമുള്ള രണ്ട് മാലകള്‍ ഇല്ലെന്നറിഞ്ഞത്. കടയിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ യുവതി ഇവ പഴ്സില്‍ വയ്ക്കുന്ന ദൃശ്യം കണ്ടു. തുടര്‍ന്ന് കടയുടമ പോലീസില്‍ പരാതി നല്‍കി. മൂന്നാര്‍ സി.ഐയുടെ നേതൃത്വത്തില്‍ ടൗണില്‍ സ്ഥാപിച്ചിട്ടുള്ള പോലീസിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുപ്പതോളം നിരീക്ഷണ കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ജൂവല്ലറിയില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചതിനു ശേഷം ഇവര്‍ നടന്ന് മറ്റൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന തമിഴ്നാട് രജിട്രേഷന്‍ ട്രാവലറില്‍ കയറി പോയതായി കണ്ടെത്തി. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാര്‍ സി.ഐ. കെ.പി. മനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 14 നാണ് പ്രതി രഹാനയും മകനും ബന്ധുക്കളുമടങ്ങുന്ന പത്തംഗ സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്.പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘം ഞെട്ടിപ്പോയത് രഹാനയുടെ കുടുംബ പശ്ചാത്തലമറിഞ്ഞപ്പോഴാണ്. അതിസമ്ബന്ന കുടുംബത്തിലെ അംഗമാണ് രഹാന. വീട്ടുകാരറിയാതയാണ് മോഷണം നടത്തിതെന്നാണ് പോലീസ് പറയുന്നത്. മോഷണ രോഗത്തിനടിമയാണിവരെന്നും പറയുന്നുണ്ട്. സിസിടിവി തെളിവുകളില്ലായിരുന്നെങ്കില്‍ പൊലീസ് കടക്കാരെ കേസില്‍പ്രതിയാക്കിയേനെ.