തൊടുപുഴ: സംസ്ഥാനത്ത് വൻതോതിൽ വ്യാജ നോട്ടുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ഇത് മൂലം വ്യാപാരികൾ അടക്കമുള്ളവർ കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്.
തൊടുപുഴ നഗരത്തിൽ 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഇത് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലരും ബാങ്കുകളിലും മറ്റും പണം അടയ്ക്കാൻ എത്തുമ്പോഴാണ് തങ്ങളുടെ കൈവശം ലഭിച്ചതിൽ ചിലത് കള്ള നോട്ടുകൾ ആണെന്ന് അറിയുന്നത്. ഇത്തരത്തിൽ ഏതാനും മാസത്തിനുള്ളിൽ ആയിരക്കണക്കിനു രൂപ നഷ്ടമായവരും ഉണ്ട്.
യഥാർഥ കറൻസിയുടെ അതേ വലുപ്പവും സാമ്യവും ഉള്ള കള്ള നോട്ടുകൾ കണ്ടാൽ ആർക്കും തന്നെ സംശയം തോന്നിക്കില്ല. തിരക്കുള്ള കടകളിൽ ഇത്തരം നോട്ടുകൾ കിട്ടിയാൽ ആരും സംശയം കൂടാതെ സ്വീകരിക്കും. ഇത്തരത്തിൽ ലഭിച്ച കള്ള നോട്ടുകളിൽ റിസർവ് ബാങ്ക് എന്നുള്ളതിൽ റിസർവ് എന്നതിന്റെ അവസാന ഇംഗ്ലിഷ് അക്ഷരം വിഇ എന്നതിനു പകരം വിയു എന്നാണ് അച്ചടിച്ചിരിക്കുന്നത്.
കൂടാതെ വാട്ടർ മാർക്കിൽ യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിൽ കാണുമ്പോൾ കള്ളനോട്ടിൽ ചിത്രം വയലറ്റ് നിറത്തിലാണ് കാണുന്നത്. ഇത് ഒഴികെ കാര്യമായ വ്യത്യാസം ഒന്നും ഈ നോട്ടുകളിൽ കാണാനില്ല. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇത്തരം നോട്ടുകൾ കൂടുതൽ ലഭിക്കുന്നതിനാൽ ഇതിന്റെ നഷ്ടം വ്യാപാരികൾക്കാണ്. ഇപ്പോൾ വ്യാപാര മേഖല പ്രതിസന്ധിയിലായ സമയത്ത് കൂനിന്മേൽ കുരു പോലെ കള്ള നോട്ടുകൾ കൂടി എത്തുന്നത് വ്യാപാരികളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണ്.
അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു.