ഓൺലൈൻ റമ്മി കളിച്ച്‌ ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ പോയി : യുവാവിന്റെ മാനസികനില തകരാറിൽ

Advertisement

പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ച്‌ ഒറ്റ ദിവസം കൊണ്ട് എട്ട് ലക്ഷം രൂപ നഷ്ടമായ യുവാവിന്റെ മാനസികനില തകരാറിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം.

യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് മൂന്ന് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവർ പറയുന്നു.

ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവർ പറയുന്നു. സമ്മാനം അടിക്കുമ്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പണം പോകുമെന്നും ഇവർ പറയുന്നു. ചെറുപ്പക്കാരാണ് റമ്മി കളിക്കാരിൽ കൂടുതലും. ഓൺലൈൻ റമ്മി കളിയിലൂടെ മാനസികാരോ​ഗ്യവും ജീവിതകാലയളവിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർ അനവധിയാണ്.