സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്: മാലിന്യം കുന്നുകൂടുന്നു; ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിക്കുന്നു
തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് മാലിന്യങ്ങള്‍ കുന്നുകൂടുകയും വിമാനത്തില്‍ പക്ഷികള്‍ ഇടിക്കുന്നത് നിത്യ സംഭവവും ആകുന്നു. എന്നാല്‍ ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാര്‍ ഇന്നത്തെ ബലി തര്‍പ്പണം നിരോധിച്ച് ഉത്തരവിട്ടിരുന്നു. പക്ഷികള്‍ വന്ന് നിറയുകയും ഇത് വിമാനങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.
ഈ മാസം പതിനൊന്നിന് തന്നെ ശംഖുംമുഖത്ത് ബലി തര്‍പ്പണം നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മാലിന്യ പ്രശ്‌നം മൂലമുണ്ടാകുന്ന പക്ഷി ശല്യത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയും ചെയ്യുന്നു. ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ആണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പക്ഷികളാണ് യഥാര്‍ത്ഥ പ്രശ്‌നമെങ്കില്‍ പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനല്ലേ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. വിമാനത്താവളമുള്ളത് കൊണ്ട് ഈ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നതും ബലിയിടുന്നതും നിരോധിക്കണമെന്ന് തന്നെയാണ് മിക്കവരും ഉയര്‍ത്തുന്ന ആവശ്യം.
സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയും ബലിതര്‍പ്പണം ചെയ്യാന്‍ അനുമതി നേടിയെടുക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം ഒന്നും ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞെങ്കിലും ശംഖുംമുഖം കടല്‍ത്തീരം ബലിതര്‍പ്പണത്തിന്റെ ഭാഗമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെയും കോടതിയെ അറിയിക്കാതെയും പിതൃതര്‍പ്പണം നിരോധിച്ചതിന് കോടതി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ഉണ്ടായി. എന്തും ചെയ്യാമെന്ന ധാരണ വേണ്ടെന്ന് ജില്ലാകളക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കോടതി മറന്നില്ല.